ലഖ്‌നൗ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരം ഇന്ന് നടക്കും. ലഖ്‌നൗവില്‍ രാത്രി ഏഴു മണിക്കാണ് മത്സരം. ആദ്യ ട്വന്റി 20യില്‍ ഏറ്റ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും മുക്തരായി വിജയം തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
മൂന്നു മത്സരങ്ങളടങ്ങിയ പരമ്ബരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0 ന് പിന്നിലാണ്. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നായകന്‍. റാഞ്ചിയില്‍ നടന്ന ആദ്യ ട്വന്റി 20 മത്സരം 21 റണ്‍സിനാണ് തോറ്റത്. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യമത്സരത്തില്‍ നിറം മങ്ങിയ അര്‍ഷ്ദീപ് സിങ്ങിന് പകരം പേസര്‍ മുകേഷ് കുമാറിനെ ഉള്‍പ്പെടുത്തുന്നത് ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതായാണ് സൂചന. ഓപ്പണര്‍ പൃഥ്വി ഷാ, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മ എന്നിവരും അന്തിമ ഇലവനിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
മിച്ചല്‍ സാന്റ്‌നറുടെ ക്യാപ്റ്റന്‍സിയിലാണ് കീവീസ് ട്വന്റി 20 മത്സരം കളിക്കുന്നത്. ആദ്യ മത്സരം വിജയിച്ച ന്യൂസിലന്‍ഡ്, ഇന്നത്തെ മത്സരം കൂടി വിജയിച്ച് പരമ്ബര നേടാനാണ് ശ്രമിക്കുന്നത്. അതുവഴി ഏകദിന പരമ്ബരയിലെ സമ്ബൂര്‍ണ തോല്‍വിയുടെ ആഘാതം കുറയ്ക്കാനാകുമെന്നും കണക്കുകൂട്ടുന്നു.