കേരളവര്‍മ്മ കോളേജ് വൈസ് പ്രിന്‍സിപ്പാളായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യ ഡോ.ആര്‍. ബിന്ദുവിനെ നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ യുജിസി നിര്‍ദ്ദേശം. ചട്ടങ്ങള്‍ മറികടന്നും അമിതാധികാരങ്ങളോടെയുമാണ് ബിന്ദുവിനെ നിയമിച്ചതെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ സി.ആര്‍. സുകു നല്‍കിയ പരാതിയിലാണ് നടപടി. കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറോട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പ്രിന്‍സിപ്പാളിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയാണ് ഡോ. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്. ഇതേത്തുടര്‍ന്ന് പ്രിന്‍സിപ്പാളായിരുന്ന ഡോ. ജയദേവന്‍ ചുമതല രാജിവച്ചിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് കോളേജില്‍ നടക്കുന്ന നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം തുടങ്ങിയ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പാളിനായിരിക്കുമെന്നാണ് നിയമന ഉത്തരവില്‍ പറഞ്ഞിരുന്നത്.

പ്രിന്‍സിപ്പാളിന് അക്കാദമിക കാര്യങ്ങളില്‍ മാത്രമേ അധികാരമുണ്ടാകൂവെന്നും മാനേജ്‌മെന്റ് ഉത്തരവില്‍ പറഞ്ഞിരുന്നു. യുജിസി ചട്ടമനുസരിച്ച് പ്രിന്‍സിപ്പാലിന്റെ സമ്മതത്തോടെമാത്രമേ വൈസ് പ്രിന്‍സിപ്പാളിനെ നിയമിക്കാനാകൂ. ഡോ. ജയദേവന്‍ രാജിവച്ചതോടെ ഇപ്പോള്‍ പ്രിന്‍സിപ്പാളിന്റെ ചുമതലയും ഡോ. ബിന്ദുവിനാണ് മാനേജ്‌മെന്റ് നല്‍കിയിട്ടുള്ളത്. കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തിയാണ് നിയമനം നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.