മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയില്‍ ഏറെ നാളായി ആരാധകര്‍ കാത്തിരുന്ന തങ്ങളുടെ പുതിയ എസ്‌യുവി ജിംനി പ്രദര്‍ശിപ്പിച്ചു. ജിംനിയുടെ ഫൈവ് ഡോര്‍ പതിപ്പ് ആദ്യമായി ഇന്ത്യയിലാണ് ബ്രാന്‍ഡ് വെളിപ്പെടുത്തിയത്, കൂടാതെ വാഹനത്തിനായുള്ള ബുക്കിംഗും അനാച്ഛാദനം ചെയ്ത ദിവസം മുതല്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചിരുന്നു.

ജിംനിക്ക് ലോകമെമ്ബാടും വലിയ ആരാധക നിരയുണ്ട് എന്നത് നമുക്ക് ഏവര്‍ക്കും അറിയാവുന്നതാണ്, ഇന്ത്യയിലും സാഹചര്യങ്ങള്‍ ഒട്ടും വ്യത്യസ്തമല്ല. 25,000 രൂപ ടോക്കണ്‍ തുകയ്ക്ക് പുതിയ ജിംനിക്കായി മാരുതിക്ക് ഇതുവരെ 9,000 ബുക്കിംഗുകള്‍ ലഭിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്.ബുക്കിംഗുകള്‍ കുമിഞ്ഞു കൂടുന്നതിനൊപ്പം ജിംനി എസ്‌യുവിയുടെ ലോഞ്ച് ടൈംലൈന്‍ ഇപ്പോള്‍ ബ്രാന്‍ഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മാരുതി സുസുക്കി ജിംനി ഫൈവ്-ഡോര്‍ എസ്‌യുവിയുടെ വില 2023 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്തോ-ജാപ്പനീസ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാരുതി ജിംനി നിലവില്‍ ഇന്റര്‍നെറ്റില്‍ ഒരു ഹോട്ട് ചര്‍ച്ചാ വിഷയമാണ്. നിരവധി ആളുകള്‍ ഈ എസ്‌യുവിയുടെ വരവിനായി വര്‍ഷങ്ങളായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയില്‍ ജിംനി ത്രീ ഡോര്‍ മാരുതി നിര്‍മ്മിക്കുന്നുണ്ടെങ്കിലും, ഈ മോഡല്‍ എക്സ്പോര്‍ട്ട് ആവശ്യങ്ങക്ക് വേണ്ടി മാത്രമായിരുന്നു. ഇന്ത്യന്‍ വിപണിയെ ഉദ്ദേശിച്ചുള്ള ഔദ്യോഗിക കാര്‍ ഫൈവ് ഡോര്‍ പതിപ്പാണ്.

അതിനാല്‍ തന്നെയാണ് മാരുതി സുസുക്കി ആദ്യമായി ഫൈവ്-ഡോര്‍ പതിപ്പ് ഇന്ത്യയില്‍ തന്നെ പ്രദര്‍ശിപ്പിച്ചത്. 2023 സാമ്ബത്തിക വര്‍ഷം ആരംഭിക്കുന്ന, ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും മാരുതി പുതിയ ജിംനി പുറത്തിറക്കാന്‍ സാധ്യതയുണ്ട്. എസ്‌യുവിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നിര്‍മ്മാതാക്കള്‍ ഇതിനകം വെളിപ്പെടുത്തിയതിനാല്‍, മാരുതി ഉടന്‍ തന്നെ വില പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഇതാദ്യമായാണ് സുസുക്കി ജിംനി ഫൈവ്-ഡോര്‍ പരിവേഷത്തില്‍ അവതരിപ്പിക്കുന്നത്. ഫൈവ് ഡോര്‍ വാഹനമായി അവതരിപ്പിക്കാന്‍ മാരുതി സുസുക്കി ജിംനിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഇത് ത്രീ-ഡോര്‍ ജിംനി സിയറ പതിപ്പിന്റെ എക്സ്റ്റെന്‍ഡഡ് പതിപ്പല്ല. ത്രീ-ഡോര്‍ പതിപ്പിനേക്കാള്‍ നീളമുള്ള വീല്‍ബേസ് ഇതിന് ഉണ്ടെങ്കിലും, വാഹനം ഇപ്പോഴും വളരെ മികവുറ്റ ഒരു എസ്‌യുവി ഓഫ്-റോഡാണ്. പ്രോപ്പര്‍ 4×4 സംവിധാനത്തോടെയാണ് മാരുതി സുസുക്കി ജിംനി വാഗ്ദാനം ചെയ്യുന്നത്. മറ്റ് 4×4 എസ്‌യുവികളെപ്പോലെ, മാരുതി സുസുക്കി ജിംനിയും ഒരു ലാഡര്‍-ഓണ്‍ ഫ്രെയിം ചാസിയിലൊരുങ്ങുന്ന എസ്‌യുവിയാണ്. എസ്‌യുവിയുടെ എക്സ്റ്റീരിയര്‍ രൂപകല്‍പ്പന മൂന്ന് ഡോര്‍ പതിപ്പിന് സമാനമാണ്, എന്നാല്‍ ഫൈവ്-ഡോര്‍ പതിപ്പ് ഫ്രണ്ട് ഗ്രില്ലില്‍ ചില ക്രോം ഔട്ട്‌ലൈനുകളോടെയാണ് വരുന്നത്.

ഓഫ്-റോഡ് എസ്‌യുവിയുടെ ഇന്റീരിയറില്‍ മാരുതി സുസുക്കിയുടെ പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫാബ്രിക് സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, സെന്ററില്‍ ഡിജിറ്റല്‍ MID -യുള്ള റൗണ്ട് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ മാരുതിയുടെ മോഡല്‍ നിരയിലുള്ള ഒരേയൊരു 4×4 എസ്‌യുവിയാണിത്. 3,985 mm നീളം, 1,645 mm വീതി, 1,720 mm ഉയരം. ഓഫ് റോഡിംഗിന് പര്യാപ്തമായ 210 mm ഗ്രൗണ്ട് ക്ലിയറന്‍സ് തുടങ്ങിയവ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

ജിംനിയുടെ അപ്പ്രോച്ച്‌ ആംഗിള്‍ 36 ഡിഗ്രിയും റാംപ് ബ്രേക്ക് ഓവര്‍ 24 ഡിഗ്രിയും ഡിപ്പാര്‍ച്ചര്‍ 50 ഡിഗ്രിയുമാണ്. മാരുതി സുസുക്കി ജിംനി ഫൈവ്-ഡോര്‍ പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. ത്രീ-ഡോര്‍ പതിപ്പിന്റെ അതേ K15B എഞ്ചിന്‍ യൂണിറ്റാണ് ഇതില്‍ ഉപയോഗിക്കുന്നത്. K15B യൂണിറ്റ് എന്നത് 103 bhp മാക്സ് പവറും 134 Nm പീക്ക് torque സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോള്‍ എഞ്ചിനാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാണ്.

പേള്‍ ആര്‍ട്ടിക് വൈറ്റ്, കൈനറ്റിക് യെല്ലോ, ഗ്രാനൈറ്റ് ഗ്രേ, ബ്ലൂഷ് ബ്ലാക്ക്, സിസ്ലിംഗ് റെഡ്, നെക്സ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ജിംനി ഫൈവ്-ഡോര്‍ പതിപ്പ് മാരുതി വാഗ്ദാനം ചെയ്യുന്നു. ഈ ഷേഡുകളില്‍ ചിലതിനൊപ്പം ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും ലഭ്യമാണ്. നിലവില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ 4×4 എസ്‌യുവിയായ മഹീന്ദ്ര ഥാര്‍ പോലുള്ള മോഡലുകളോടാണ് മാരുതി ജിംനി മത്സരിക്കുക. ജിംനി ഥാറിന് എത്രത്തോളം കോംപറ്റീഷന്‍ നല്‍കും എന്നത് നമുക്ക് താമസിയാതെ കണ്ടറിയാം.