വരാനിരിക്കുന്ന ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടികയും പാർട്ടി പുറത്തുവിട്ടു. സിപിഐഎമ്മുമായി സഖ്യം പ്രഖ്യാപിച്ചാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്.

ത്രിപുര തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടികയും പാർട്ടി പുറത്തുവിട്ടു. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, അധീർ രഞ്ജൻ ചൗധരി, പ്രിയങ്ക ഗാന്ധി, ഭൂപേഷ് ബാഗേൽ, അശോക് ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ് തുടങ്ങിയവരാണ് പട്ടികയിലുള്ളത്. സിപിഐഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 60 നിയമസഭാ സീറ്റുകളിൽ 47 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. 47 സീറ്റുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 43 സീറ്റുകളിൽ മത്സരിക്കും.

സിപിഐ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നിവ ഓരോ സ്ഥാനാർത്ഥിയെ വീതം മത്സരിപ്പിക്കും. 24 പുതുമുഖങ്ങളെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. 25 വർഷം ത്രിപുര ഭരിച്ച ഇടതുമുന്നണിയെ 2018 ൽ ബിജെപി പരാജയപ്പെടുത്തുന്നതിന് മുമ്പ് കോൺഗ്രസ് പ്രധാന പ്രതിപക്ഷമായിരുന്നു എന്നതിനാൽ കോൺഗ്രസ്-സിപിഐ(എം) സഖ്യം സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു വലിയ മാറ്റമാണ്.