തിരുവനന്തപുരം: വാളയാര്‍ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആര്‍ നിശാന്തിനി ഐപിഎസ് മേല്‍നോട്ടം വഹിക്കും. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു, കോഴിക്കോട് ഡിസിപി ഹേമലത എന്നിവര്‍ സംഘത്തിലുണ്ട്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പാലക്കാട് പോക്‌സോ കോടതിയില്‍ വാളയാര്‍ കേസിന്റെ പുനര്‍വിചാരണ നാളെ ആരംഭിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. 

തുടര്‍ അന്വേഷണത്തിന് അനുമതി തേടി സംഘം പാലക്കാട് പോക്‌സോ കോടതിയില്‍ നാളെ അപേക്ഷ നല്‍കും. കേസ് ഡയറി ഉള്‍പ്പെടെ പഴയ അന്വേഷണ സംഘത്തില്‍നിന്ന് പുതിയ സംഘം ശേഖരിച്ചിട്ടുണ്ട്. വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സിബിഐ കേസ് ഏറ്റെടുക്കുംവരെയായിരിക്കും കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളുടെ ചുമതല പുതിയ അന്വേഷണ സംഘം വഹിക്കുക.