ഹമ്മദാബാദ്: പത്താന്‍ സിനിമ കാണാന്‍ എത്തിയവര്‍ ഇരിപ്പിടം ലഭിക്കാത്തതിനെ തുടര്‍ന്ന് തിയേറ്ററിലെയും, കാന്റീനിലെയും സാധനങ്ങളുമായി സ്ഥലം വിട്ടു. കോട്ടയിലെ തിയേറ്ററിലാണ് സംഭവം. ഹാളില്‍ 700 പേര്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നെങ്കിലും 1500 ടിക്കറ്റുകളാണ് വിറ്റത്. ‘പത്താന്‍’ സിനിമയുടെ അവസാന ഷോയ്‌ക്ക് 1500-ലധികം ടിക്കറ്റുകളാണ് തീയേറ്റര്‍ ജീവനക്കാര്‍ നല്‍കിയത്. ഓണ്‍ലൈന്‍ ബുക്കിങ്ങിനൊപ്പം ഓഫ്‌ലൈനിലും ടിക്കറ്റ് നല്‍കി. ആകെയുള്ള 750 സീറ്റിനായി 1500 പേര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്.

സിനിമ കാണാന്‍ ആളുകള്‍ എത്തിയപ്പോള്‍ ഇരിക്കാന്‍ ഇടം കിട്ടിയില്ല. സിനിമ ആരംഭിച്ച്‌ 10 മിനിറ്റോളം ആളുകള്‍ ഇരിക്കാന്‍ ഇടം തേടി. തുടര്‍ന്നാണ് ബഹളം തുടങ്ങിയത്. ഇതേതുടര്‍ന്ന് 10 മിനിറ്റിനകം പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു.

ഹാളില്‍ ആളുകള്‍ ബഹളമുണ്ടാക്കി. സിനിമാക്കാരും കാന്റീന് ജീവനക്കാരും സ്ഥലത്ത് നിന്ന് പുറത്ത് ഇറങ്ങി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസുകാരുടെ മുന്നില്‍ നിന്ന് ആളുകള്‍ കാന്റീനില്‍ നിന്നുള്ള സാധനങ്ങളുമായി ഓടാന്‍ തുടങ്ങി. പിന്നീട് പണം തിരികെ നല്‍കാന്‍ തീരുമാനിച്ചതോടെ രംഗം ശാന്തമായി. എന്നാല്‍ അപ്പോഴേക്കും പത്താന്‍ സിനിമ കാണാനെത്തിയവര്‍ കാന്റീനിലെ സാധനങ്ങളുമായി സ്ഥലം വിട്ടു.