ശ്രീനഗര്‍: ജമ്മുവില്‍ ഇനി അതിവേഗത ഇന്റര്‍നെറ്റിന്റെ കാലം. അതിവേഗത 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാരതി എയര്‍ടെല്‍ ആരംഭിച്ചു. മേഖലയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന ആദ്യത്തെ ടെലികോം ഓപ്പറേറ്ററായി എയര്‍ടെല്‍ മാറിയെന്ന് അധികൃതര്‍ വ്യക്തമാക്കി. സാംബ, കത്വ, ഉധംപൂര്‍, അഘ്‌നൂര്‍, ലഖന്‍പൂര്‍, ഖോര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ അതിവേഗത 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിച്ചത്.

എടര്‍ടെല്ലിന്റെ നെറ്റ്‌വര്‍ക്ക് ബില്‍ഡ്-ഔട്ട് പൂര്‍ത്തിയാകുന്നതോടെ 5ജി സേവനങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്. വൈകാതെ തന്നെ സേവനങ്ങള്‍ ലഭ്യമാക്കുമെന്നും വ്യക്തമാക്കി. നിലവിലെ 4ജി വേഗതയേക്കാള്‍ 20 മുതല്‍ 30 വരെ മടങ്ങ് വേഗത 5ജിയ്‌ക്ക് ലഭ്യമാകുമെന്ന് ലഡാക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആദര്‍ശ് വര്‍മ്മന്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിച്ചത്. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ 5ജി എത്തിയത്. പിന്നാലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.