ലപ്പുറം: വിവാഹം കഴിഞ്ഞ് മടങ്ങിയ സൈനികന്‍ ലഡാക്കില്‍ അന്തരിച്ചു. ലഡാക്ക് ആര്‍മി പോസ്റ്റല്‍ സര്‍വ്വീസില്‍ സേവനം അനുഷ്ഠിക്കുന്ന കിഴുപറമ്ബ് കുനിയില്‍ കോലത്തുംതൊടി നുഫൈല്‍(27) ആണ് മരിച്ചത്. ശ്വാസതടസമാണ് മരണകാരണമെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

ജനുവരി 2-ന് ആയിരുന്നു മുക്കം സ്വദേശിനിയുമായി നുഫൈലിന്റെ വിവാഹം. തുടര്‍ന്ന് 22-ന് ജോലിസ്ഥലത്തേക്ക് തിരിച്ചു പോയി. വ്യാഴാഴ്ച രാവിലെ ജോലിക്കിടയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലഡാക്കിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയായിരുന്നു മരണപ്പെടുകയായിരുന്നു

എട്ട് വര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന നുഫൈല്‍ രണ്ട് വര്‍ഷമായി കാശ്മീരിലാണ്. ആസാം, മേഘാലയ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. കോയമ്ബത്തൂരിലേക്ക് പോസ്റ്റിംഗ് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. നുഫൈലിന്റെ പിതാവ് മുഹമ്മദ് കുഞ്ഞുമോന്‍ നേരത്തെ തന്നെ മരണപ്പെട്ടിരുന്നു. മാതാവ് ആമിനയും സഹോദരിയും ആണ് കീഴുപറമ്ബ് കുനിയിലെ വീട്ടില്‍ ഉളളത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.