റുസലേം: ഇസ്രയേലിലെ ജറുസലേമിലെ ജൂത ആരാധനാലയത്തിലുണ്ടായ വെടിവെപ്പില്‍ ഏഴ് മരണം. പത്തു പേര്‍ക്ക് പരിക്കേറ്റു. പൊലീസുമായുള്ള വെടിവെപ്പില്‍ ആക്രമിയും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം പാലസ്തീനിനു നേരെയുണ്ടായ ഇസ്രയേലി സൈനിക നടപടിയില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് സിനഗോഗ് ആക്രമിക്കപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനാഗോഗില്‍ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഏഴു പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലി പൊലീസ് വ്യക്തമാക്കി. പരിക്കേറ്റവരില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റവരില്‍ 14 വയസുകാരനും 70 കാരനും ഉള്‍പ്പെടുന്നുണ്ട്. ഈസ്റ്റ് ജറുസലേം സ്വദേശിയായ 21കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

പലസ്തീന്‍ വെസ്റ്റ് ബാങ്കിലെ ജെനിനിലാണ് ഇസ്രായേല്‍ സേന നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം 10 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങള്‍ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചത്. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീന്‍ ഭരണകൂടം പ്രതികരിച്ചു.