കേരളത്തിലേക്കുള്ള രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ നാളെയെത്തും. കൊച്ചി, കോഴിക്കോട്, ലക്ഷദ്വീപ് എന്നിവിടങ്ങളിലേക്കുള്ള വാക്‌സിനാണെത്തുന്നത്. എറണാകുളത്തേക്ക് 12 ബോക്‌സും, കോഴിക്കോട് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒരു ബോക്‌സുമാണ് എത്തുക. രാവിലെ 11.15ന് ഗോ എയര്‍ വിമാനത്തില്‍ വാക്‌സിന്‍ നെടുമ്പാശേരിയിലെത്തിക്കും. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന ആരോഗ്യവകുപ്പാണ് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുക.

അതേസമയം, കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ക്ക് കേരളത്തില്‍ വേഗതയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തില്‍ വാക്‌സിനേഷന്‍ നടപടികള്‍ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം. വാക്‌സിന്‍ ഭീതി ആണ് വാക്‌സിനേഷന്‍ നടപടികള്‍ സംസ്ഥാനത്ത് മെല്ലെപോകാന്‍ കാരണം എന്നാണ് കേരളത്തിന്റെ ഇക്കാര്യത്തിലുള്ള മറുപടി.