ന്യൂഡല്‍ഹി: പരീക്ഷാ പേ ചര്‍ച്ചയില്‍ കുട്ടികളുടെ സംശയത്തിന് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി.സമര്‍ത്ഥനാണോ കഠിനാദ്ധ്വാനിക്കാണോ പ്രാധാന്യം എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ പിടിക്കുന്നത്.
കുറച്ചുപേര്‍ കഠിനാദ്ധ്വാനം ചെയ്ത് സമര്‍ത്ഥരാകും മറ്റു ചിലര്‍ സമര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യും. എന്നാല്‍ സമര്‍ത്ഥനും കഠിനാദ്ധ്വാനിയും ആകണമെങ്കില്‍ സൂക്ഷ്മതയോടെ നമ്മള്‍ പഠിക്കുകയും ആവശ്യമുള്ള നേട്ടങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി മറുപടി നല്‍കിയത്. ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞാണ് എങ്ങനെ കഠിനാദ്ധ്വാനിയും സമര്‍ദ്ധനുമാകാമെന്ന് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞത്.
മാതാപിതാക്കള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമിതമായ സമര്‍ദ്ദം നല്‍കുകയല്ല മറിച്ച് മികവ് നേടുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് നല്‍കേണ്ടതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. വാര്‍ഷിക പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദവും ഇതുവഴി അകറ്റാന്‍ സാധിക്കും. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കുട്ടികളെ കുറിച്ച് കുടുബത്തിലെ എല്ലാവര്‍ക്കും ഒരുപാട് പ്രതീക്ഷകളുണ്ടാകാം, അതൊന്നും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുട്ടികളുടെ മികവ് സാമൂഹത്തില്‍ ഉന്നത പദവിയ്‌ക്ക് വേണ്ടി ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനായി ക്രിക്കറ്റ് കളിയുടെ രീതികളെ കുറിച്ച് അദ്ദേഹം വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ക്രിക്കറ്റ് കളിയില്‍ കളിക്കാര്‍ എപ്പോഴും ലക്ഷ്യം വെക്കുന്നത് ഫോറിനും സിക്‌സിനും വേണ്ടിയാണ്. അത്തരത്തിലായിരിക്കണം ഓരോ കാര്യത്തിലും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധകൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ സമയം കൈകാര്യം ചെയ്യാന്‍ പഠിക്കേണ്ടത് അമ്മമാരില്‍ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാര്‍ ചെയ്യുന്ന ഓരോ ജോലികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ സമയം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷത്തെയും എതിര്‍കക്ഷികളെയും മാദ്ധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നര്‍മോക്തിയോടെയാണ് മറുപടി പറഞ്ഞത്. ‘ഇത് സിലബസ്സിന് പുറത്തുള്ള ചോദ്യമാണ്. ഒരോ വിമര്‍ശനങ്ങളും നമ്മളെ ശുദ്ധീകരിക്കും. ജാനാധിപത്യ പ്രവര്‍ത്തനത്തിനിടയില്‍ വിമര്‍ശനങ്ങള്‍ അനിവാര്യമാണ്’അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷാ പേ ചര്‍ച്ചയുടെ ആറാമത് പതിപ്പില്‍ പങ്കെടുക്കുന്നതിനായി 38 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ സ്റ്റേറ്റ് ബോര്‍ഡുകളില്‍നിന്ന് 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്നു.