ഇന്ത്യന്‍ ക്രിക്കറ്റ് താരം അക്സര്‍ പട്ടേല്‍ വിവാഹിതനായി. ഗുജറാത്തിലെ വഡോദരയിൽ വച്ചായിരുന്നു വിവാഹം.ന്യൂട്രീഷണിസ്റ്റും ഡയറ്റീഷ്യനുമായ മേഹാ പട്ടേല്‍ ആണ് വധു. ദീര്‍ഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയിൽ നടന്നിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ക്ക് പുറമെ അക്സറിന്‍റെ അടുത്ത സുഹൃത്തുക്കളും ചടങ്ങുകളില്‍ പങ്കെടുത്തു.

വിവാഹിതനാവാനായി ന്യൂസിലന്‍ഡിനെിരായ ഇന്ത്യയുടെ ഏകദിന, ടി20 പരമ്പരകളില്‍ നിന്ന് വിട്ടു നിന്ന അക്സര്‍ അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

ഇന്ത്യക്കായി എട്ട് ടെസ്റ്റിലും 49 ഏകദിനങ്ങളിലും 40 ടി20 മത്സരങ്ങളിലും കളിച്ച അക്സര്‍ മൂന്ന് ഫോര്‍മാറ്റിലുമായി 140 വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് ഫോര്‍മാറ്റിലുമായി നാല് അര്‍ധസെഞ്ചുറികളും അക്സര്‍ നേടി.