അനുവാദം ഇല്ലാതെ സ്വകാര്യതാ നയത്തിൽ ഭേഭഗതി വരുത്താൻ പാടില്ലെന്ന് വാട്‌സ് ആപ്പിനോട് കേന്ദ്രസർക്കാർ. എതെൻകിലും വിധ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ അത് നിർത്തിവയ്ക്കാനും വാട് സാപ്പിനോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിച്ച് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വാട്‌സ്ആപ്പ് സിഇഒ വിൽ കാത്കാർട്ടിന് കത്തയച്ചു.

ഇന്ത്യൻ ഉപയോക്താക്കൾക്ക് സ്വകാര്യതാ നയത്തിൽ ഭേഭഗതിവരുത്താൻ വാട്‌സ് ആപ്പ് കപക്ഷിയമായി തീരുമാനിച്ചിരുന്നു. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കാൻ വാട്‌സ്ആപ്പിനോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ആശങ്ക അറിയിച്ച് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നല്കിയ കത്തിലാണ് ഇക്കാര്യത്തിലെ നിർദേശം.

ഉപയോക്താക്കളുടെ സന്ദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്കിന് നൽകാനുള്ള വാട്‌സ്ആപ്പിന്റെ നീക്കം സുരക്ഷാ ഭീഷണിയുയർത്തും. വാട്‌സ്ആപ്പിന്റെ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തിൽ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം അംഗീകരിയ്ക്കാനാവില്ല. ഇത് ഇന്ത്യൻ പൗരന്റെ സ്വയം നിർണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. കമ്പനി ഇപ്പോൾ കൊണ്ടുവരാൻ ശ്രമിക്കുന്ന മാറ്റങ്ങൾ ഇന്ത്യക്കാരുടെ പരമാധികാരത്തെയും തിരഞ്ഞെടുക്കാനുള്ള അവസരവും സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണെന്നും കത്ത് വിശദികരിയ്ക്കുന്നു. വിവരങ്ങളുടെ സ്വകാര്യത, തെരഞ്ഞെടുക്കാനുള്ള അവകാശം, ഡാറ്റാ സുരക്ഷിതത്വം തുടങ്ങിയവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണം. പുതുതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാറ്റം പിൻവലിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.