കൊച്ചി∙ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുക്കാൻ പിടിക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ഹൈക്കമാൻഡ് മുന്നിലേക്കു കൊണ്ടുവരുന്നതിലേക്ക് കാര്യങ്ങളെ നയിച്ചത് സ്വകാര്യ ഏജൻസികളുടെ സർവേ ഫലമെന്നു വിവരം. ഹൈക്കമാൻഡാണ് സംസ്ഥാനത്ത് മൂന്നു സ്വകാര്യ ഏജൻസികളെ ഇതിനായി നിയോഗിച്ചതെന്നാണ് സൂചന. ഇതിൽ രണ്ട് ഏജൻസികളുടെ റിപ്പോർട്ടിലും 80 ശതമാനത്തിലേറെ ആളുകൾ പിന്തുണച്ചത് ഉമ്മൻ ചാണ്ടിയെയായിരുന്നെങ്കിൽ ഒരു ഏജൻസിയുടെ ഫലത്തിൽ 70% പേർ മാത്രമാണ് പിന്തുണച്ചത്. സംസ്ഥാനത്തെ സാധ്യതകൾ പഠിക്കുന്നതിനു രാഹുൽ ഗാന്ധി നേരിട്ട് മൂന്ന് ഏജൻസികളെ ചുമതല ഏൽപ്പിക്കുകയായിരുന്നത്രെ.

തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി നയിച്ചാൽ ഭരണം പിടിക്കാമെന്നായിരുന്നു സർവേകളിലെ കണ്ടെത്തൽ. സ്വകാര്യ ഏജൻസികൾ റിപ്പോർട്ട് രാഹുൽ ഗാന്ധിക്കു കൈമാറിയതിനു പിന്നാലെയാണ് നേതാക്കളെ ചർച്ചയ്ക്കായി രാജ്യതലസ്ഥാനത്തേയ്ക്കു വിളിപ്പിച്ചത്. ഇടഞ്ഞു നിൽക്കുന്ന സാമുദായിക നേതൃത്വത്തെ തിരികെ അടുപ്പിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വം നിർണ്ണായകമാകുമെന്നായിരുന്നു സര്‍വേകളിലെ കണ്ടെത്തൽ. യുഡിഎഫുമായി അകന്നു നിൽക്കുന്ന ക്രൈസ്തവ സഭാ വിശ്വാസികളെയും നായർ സാമുദായത്തെയും തിരികെയടുപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ ഗ്രൂപ്പ് വിലപേശലുകൾ പാർട്ടിക്കു കാര്യമായ ദോഷം ചെയ്യുമെന്നതിനാൽ അതിനു നിന്നുകൊടുക്കേണ്ട എന്നാണു റിപ്പോർട്ടിലെ ഒരു നിർദേശം. ഗ്രൂപ്പ് മാനദണ്ഡങ്ങളെ അപ്രസക്തമാക്കി വേണം തീരുമാനങ്ങൾ. യുവാക്കൾക്കും വനിതകൾക്കും സ്ഥാനാർഥിത്വ കാര്യത്തിൽ വേണ്ടത്ര പ്രാതിനിധ്യം നൽകണമെന്നും ജയസാധ്യത പരിഗണിച്ചു മാത്രമാകണം സ്ഥാനാർഥി നിർണയമെന്നും റിപ്പോർട്ടിലുണ്ട്.

ഓരോ മണ്ഡലങ്ങളിലും ആരു വിജയിക്കുമെന്നതു സംബന്ധിച്ച ചോദ്യങ്ങളും സർവേയിൽ ഉൾപ്പെടുത്തിയിരുന്നു. രമേശ് ചെന്നിത്തല, കെ.സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ എന്നിവരുടെ സാധ്യതകളും പഠന വിഷയമാക്കിയിരുന്നു. ഇവരെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 30 ശതമാനത്തിൽ താഴെ മാത്രമായിരുന്നു. ഇതെല്ലാം ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഏജൻസികൾ കൈമാറിയിരിക്കുന്നത്. സ്ഥാനാർഥികളെ നേരത്തെ നിർണയിച്ച് പ്രചാരണം തുടങ്ങി അതിന്റെ നേട്ടം കൈവരിക്കണമെന്നും നിർദേശമുണ്ട്.

അതേസമയം, മധ്യതിരുവതാംകൂറിൽ ഉമ്മൻ ചാണ്ടി സജീവമാകുന്നത് നേട്ടമുണ്ടാക്കുമെങ്കിലും ജോസ് കെ. മാണി മുന്നണി വിട്ടതിലൂടെയുണ്ടായ ക്രൈസ്തവ വോട്ടുകളെ പിടിക്കാൻ ഇതു മതിയാകില്ലെന്നാണ് വിമർശകരുടെ വിലയിരുത്തൽ. കത്തോലിക്ക വിഭാഗത്തിന്റെ വോട്ടുകളെ തിരിച്ചുപിടിക്കുന്നതിനും ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം മതിയാവില്ല. അതുപോലെ ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കുന്നതിനും ഈ നീക്കം ഗുണം ചെയ്തേക്കില്ലെന്നും ഇവർ പറയുന്നു.

കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്ത് ഈ ഏജൻസികൾ സർവേയിൽ സജീവമായിരുന്നു. വാട്സാപ് ഗ്രൂപ്പുകൾ നിർമിച്ചും ഫെയ്‌സ്ബുക്കിലൂടെയും നേരിട്ടും സർവേ നടത്തിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളിലും ആരെ സ്ഥാനാർഥിയാക്കണമെന്ന് പ്രാദേശികമായി ഗ്രൂപ്പുകളുണ്ടാക്കി പഠനം നടത്തിയിരുന്നതായാണ് വ്യക്തമാകുന്നത്. ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ കേന്ദ്രം സ്വകാര്യ ഏജൻസികളുടെ സഹായം തേടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.