74 -ാം റിപ്പബ്ലിക്ക് ദിനം ആഘോഷിയ്ക്കാനായി ഒരുങ്ങി രാജ്യം. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം അനുസരിച്ച് റിപ്പബ്ലിക്ക് ദിനം മുന്നിർത്തി രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇതിനകം സുരക്ഷാ കർശനമാക്കിയിട്ടുണ്ട്.
പരമാധികാര റിപ്പബ്ലിക്ക് ആകാൻ തിരുമാനിച്ചതിന്റെ 74 ആം വാർഷികമാണ് നാളെ രാജ്യം ആഘോഷിയ്ക്കുന്നത്. ദേശവ്യാപകമായി ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും അവസാനഘട്ടത്തിൽ പുരോഗമിയ്ക്കുകയാണ്. രാജ്പഥിന്റെ മുഖം മിനുക്കിയെത്തിയ കർത്യവ്യപഥിലാണ് ഗംഭീരമായ റിപ്പബ്ലിക്ക് ദിന പരേഡ് നടക്കുക. സൈനിക, അർദ്ധ സൈനിക, പൊലീസ് വിഭാഗങ്ങൾക്ക് പുറമേ എൻ.സി.സി സ്കൗട്ട്സ്, വിവിധ സംസ്ഥാനങ്ങളുടെ പ്ലോട്ടുകൾ അടക്കമുള്ളവ റിപ്പബ്ലിക്ക് ദിനഘോഷത്തിന് മാറ്റ് കൂട്ടും.
നിരന്തരമായി ഡ്രോൺ സാന്നിധ്യം ഉണ്ടായ പാക് – പഞ്ചാബ് അതിർത്തിയിലും, കശ്മീരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലെയും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാ ൻഡ് കേന്ദ്രീകരിച്ചും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.