പനമരം: എട്ടു വയസ്സുകാരന് ചികിത്സ നല്കുന്നതില് വയനാട്, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ വീഴ്ച വരുത്തിയെന്ന് ഗുരുതര ആരോപണം.
കാലില്‍ തറച്ച മുള്ള് കണ്ടെത്താന്‍ രണ്ട് മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ 3 തവണയായി കിടത്തിച്ചികിത്സിച്ചത് 10 ദിവസം ആണ്. എക്സ്റേയും ശസ്ത്രക്രിയയും കഴിഞ്ഞു വീട്ടിലെത്തിയിട്ടും മകന് വേദന കൊണ്ടു പുളയുന്നതു കണ്ട് അച്ഛന് ചെറിയൊരു കത്രികയെടുത്ത് തൊട്ടുനോക്കിയപ്പോള്‍ പുറത്തുവന്നത് ഒന്നര സെന്റിമീറ്റര്‍ നീളമുള്ള മുള്ള്! മുള്ള് തറച്ച ഭാഗത്തല്ല ശസ്ത്രക്രിയ നടത്തിയതെന്നാരോപിച്ചു പരാതി നല്‍കാനൊരുങ്ങുകയാണു വീട്ടുകാര്‍.
അഞ്ചുകുന്ന് മങ്കാണി കോളനിയിലെ രാജന് വിനീത ദമ്ബതികളുടെ മകന് നിദ്വൈതിനാണ് ഈ ദുര്‍ഗതി. വീട്ടുകാര്‍ പറയുന്നത് ഇപ്രകാരം: അഞ്ചുകുന്ന് വിദ്യാനികേതന്‍ സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നിദ്വൈതിനെ കാലില്‍ മുള്ള് തറച്ചതിനെ തുടര്‍ന്ന് ഈ മാസം മൂന്നിനാണു മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അന്ന് ഡോക്ടറെക്കണ്ട് മരുന്ന് വാങ്ങിപ്പോന്നെങ്കിലും വേദന കുറഞ്ഞില്ല. 6 ന് വീണ്ടും മെഡിക്കല്‍ കോളജില്‍ എത്തിച്ച കുട്ടിയെ നാലു ദിവസം കിടത്തിച്ചികിത്സയ്ക്കു വിധേയനാക്കി.
കാല്പാദത്തില് എന്തോ തറച്ചതായി എക്സ്റേയില്‍ കാണുന്നുണ്ടെന്നും, അത് എടുക്കാന്‍ അവിടെ സംവിധാനമില്ലെന്നും പറഞ്ഞ് ഈ മാസം 10നു കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു പറഞ്ഞുവിട്ടു. വീട്ടില്‍ പോലും പോകാതെ അന്നു തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. എക്സ്റേയില്‍ കണ്ട മുള്ള് പുറത്തെടുക്കാന്‍ പിറ്റേന്നു തന്നെ ശസ്ത്രക്രിയയും നടത്തി. 6 ദിവസത്തെ കിടത്തിച്ചികിത്സയ്ക്കു ശേഷം 17 ന് തിരിച്ച് വീട്ടിലെത്തിയിട്ടും വേദന മാറിയില്ല. ഇനി വേദന വന്നാല്‍ വീണ്ടും സര്‍ജറി നടത്തണമെന്നും പറഞ്ഞാണു ഡിസ്ചാര്‍ജ് നല്‍കിയത്.
21 ന് രാവിലെ മകന് വേദന കൊണ്ട് പുളയുന്നതു കണ്ടുനില്‍ക്കാനാകാതെ പിതാവു രാജന് കാലിലെ കെട്ടഴിച്ചു നോക്കി. ശസ്ത്രക്രിയ നടത്തിയ സ്ഥലത്തു നിന്ന് അല്പം മാറി പഴുപ്പും ഒരു കറുത്ത വസ്തു പുറത്തേക്ക് തളളി നില്‍ക്കുന്നതായും കണ്ടു. പഴുപ്പ് തുടച്ചു മാറ്റിയ ശേഷം, പൊന്തി നില്ക്കുന്ന വസ്തു ചെറിയ കത്രിക ഉപയോഗിച്ച് ഇളക്കിയപ്പോള്‍ മുളയുടെ മുള്ള് പുറത്തുവന്നുവെന്നും വീട്ടുകാര്‍ പറയുന്നു. അതേ സമയം, സംഭവത്തെക്കുറിച്ച് അറിയില്ലെന്നു മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു.