അന്തരിച്ച കോങ്ങാട് എംഎല്‍എ കെ.വി.വിജയദാസിന് ആദരാഞ്ജലി അര്‍പ്പിച്ച് ഇന്നത്തേക്ക് നിയമസഭ പിരിയും. സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും വിജയദാസിനെ അനുസ്മരിക്കും. ചരമോപചാരത്തിനു ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെയാകും സഭ ഇന്നത്തേക്കു പിരിയുക. ബജറ്റ് ചര്‍ച്ച നാളെ പുനരാരംഭിക്കും. ചര്‍ച്ചക്ക് നാളെ ധനമന്ത്രി മറുപടി നല്‍കും .

അതേസമയം, കെ. വി. വിജയദാസിന്റെ മൃതദേഹം അല്‍പസമയത്തിനകം പാലക്കാട് എലപ്പുള്ളിയിലെ സ്വവസതിയില്‍ എത്തിക്കും. തുടര്‍ന്ന് എലപ്പുള്ളിയിലെ തന്നെ ഗവ. സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഒന്‍പത് മണിയോടെ വിജയദാസിന്റെ മൃതദേഹം സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ എംഎല്‍എയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തുന്നുണ്ട്. സഭയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ച ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗമായിരിക്കും മുഖ്യമന്ത്രി പാലക്കാട് എത്തുക. 11 മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ചന്ദ്ര നഗര്‍ വൈദ്യുത ശ്മശാനത്തിലായിരിക്കും വിജയദാസ് എംഎല്‍എയുടെ സംസ്‌കാരം നടക്കുക.