തിരുവനന്തപുരം: കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ അവിടെ നിന്ന് ഡീസലടിക്കണമെന്ന നിര്‍ദേശവുമായി കെഎസ്‌ആര്‍ടിസി സിഎംഡി ബിജു പ്രഭാകരന്‍.

ഡീസല്‍ ലിറ്ററിന് ഏഴ് രൂപ കേരളത്തിനേക്കാള്‍ കുറവായതിനാലാണ് കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ 87.36 രൂപ വിലയുള്ള ഡീസലിന് കേരളത്തില്‍ 95.66 രൂപയാണ് വില.

കര്‍ണാടകയില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ പ്രത്യേക ഫ്യൂവല്‍ കാര്‍ഡും കെഎസ്‌ആര്‍ടിസി നല്‍കിയിട്ടുണ്ട്. ഓയില്‍ കമ്ബനികള്‍ നല്‍കുന്ന ഈ കാര്‍ഡ് ഉപയോഗിച്ച്‌ പമ്ബുകളില്‍ നിന്ന് ഇന്ധനം വാങ്ങാന്‍ കഴിയും. നേരത്തെ കര്‍ണാടകയിലേക്ക് സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പാലക്കാട് കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നാണ് ഡീസലടിച്ചിരുന്നത്.

കര്‍ണാടകയില്‍ നിന്ന് ഡീസലടിക്കാന്‍ തുടങ്ങിയതോടെ 17 ബസുകളില്‍ ഡീസല്‍ ഇനത്തില്‍ നിന്ന് 3.15 ലക്ഷം രൂപയാമ് മാസം തോറും കെഎസ്‌ആര്‍ടിസിക്ക് ലാഭിക്കാനായത്. മാനനന്തവാടി വഴി കര്‍ണാടകയിലേക്ക് പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് ബസുകളുമാണ് കര്‍ണാടകയില്‍ നിന്ന് ഡീസലടിക്കുന്നത്. പ്രതിദിനം 1,500 ലിറ്റര്‍ ഡീസലാണ് കെഎസ്‌ആര്‍ടിസിയുടെ ഈ സര്‍വീസുകള്‍ കര്‍ണാടകയില്‍ നിന്ന് അടിക്കുന്നത്.