ടോക്കിയോ: രാജ്യത്ത് ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യുമിയോ കിഷിധ.

ഇപ്പോഴെങ്കിലും ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നാണ് ജപ്പാന്‍ ഭരണകൂടം പറയുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളിലെ സര്‍വ്വേഫലങ്ങളിലാണ് രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജനന നിരക്ക് വര്‍ധിപ്പിക്കാനായി നിരവധി നടപടികളും ജപ്പാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് സാമ്ബത്തിക സഹായമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഏകദേശം 800000 ആണ് കഴിഞ്ഞ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം. ഇത് രാജ്യത്തെ ജനസംഖ്യ വളര്‍ച്ചയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജനന നിരക്കിലെ കുറവ് നികത്തുന്നതിന് ഉടന്‍ തന്നെ പരിഹാരം കാണണം. ഇപ്പോഴല്ലെങ്കില്‍ പിന്നീട് ഒരിക്കലും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഒരുപാട് സമയം ഇതിനായി കാത്തിരിക്കാന്‍ കഴിയില്ലെന്നും ജാപ്പനീസ് പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കായി ജൂണില്‍ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനനനിരക്ക് കുറവ് പരിഹരിക്കാനായി ചില്‍ഡ്രന്‍സ് ആന്‍ഡ് ഫാമിലിസ് സര്‍ക്കാര്‍ ഏജന്‍സിയെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വളരെയധികം ജീവിതച്ചെലവുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഇക്കാരണം കൊണ്ട് തന്നെയാണ് ഇവിടെ ജനന നിരക്ക് കുറയുന്നതെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ഏറ്റവുമധികം ചെലവ് രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍ എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചൈനയും ദക്ഷിണ കൊറിയയുമാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം ലോകമെമ്ബാടും ആശങ്ക ഉയര്‍ത്തി ജപ്പാന്റെ പ്രതിദിന കോവിഡ് കണക്ക്. ജനുവരി ആറിന് മാത്രം 456 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാനിലെ എക്കാലത്തെയും വലിയ കോവിഡ് മരണനിരക്കാണിത്. ജപ്പാന് പുറമെ ചൈനയിലും അമേരിക്കയിലും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്.

കഴിഞ്ഞ 30 ദിവസത്തിനിടെ ആയിരത്തോളം പേരാണ് കോവിഡ് മൂലം ജപ്പാനില്‍ മരിച്ചത്. പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വര്‍ധിക്കുമെന്ന് നേരത്തേ ആശങ്കകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. മുമ്ബ് ഉണ്ടായ കോവിഡ് തരം?ഗം മൂലം ഓ?ഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബര്‍ മുതല്‍ കോവിഡ് മരണനിരക്ക് ഉയരുകയാണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്ബത്തെ വര്‍ഷത്തെ അപേക്ഷിച്ച്‌ പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. കോവിഡിന്റെ എട്ടാം തരംഗത്തിലൂടെയാണ് ജപ്പാന്‍ കടന്നുപോകുന്നത്.