കെ ആർ നാരായണൻ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തു തീർപ്പായെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു. വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.(strike of the students of kr narayanan institute has ended)

വിദ്യാർത്ഥികളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഡയറക്ടറെ മാറ്റുക എന്നതെന്ന്, പുതിയ ഡയറക്ടറെ ഉടൻ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കും. ഡയറക്ടറുടെ വീട്ടിൽ ജീവനക്കാരെ ജോലിക്ക് നിയോഗിക്കില്ലെന്ന് ഉറപ്പാക്കും.

ബൈലോയും ബോണ്ടുകളും പരിശോധിച്ച് ഹാനികരമായ വ്യവസ്ഥകൾ ഒഴിവാക്കും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകള്‍ നികത്തും.പ്രധാന അധികാര സമിതികളിൽ വിദ്യാർത്ഥി പ്രതിനിധിയെ ഉൾപ്പെടുത്തും.

വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്ഷേമസമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചത്. ശങ്കര്‍ മോഹനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ മാസങ്ങളായി സമരത്തിലായിരുന്നു.