തിരുവനന്തപുരം: വിദേശയാത്രകള്‍ സ്വപ്‌നം കാണുന്നവര്‍ക്ക് അസുലഭസൗകര്യമൊരുക്കി വോയേജര്‍ കോണ്‍ക്ലേവിന്റെ ക്യാപിറ്റല്‍ എഡിഷന്‍ ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ പ്രമുഖ സാഹിത്യകാരന്‍ സഖറിയ നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും മികച്ച ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റര്‍ പുരസ്‌ക്കാരം 2022-ല്‍ കേന്ദ്രമന്ത്രി ഭാനുപ്രതാപ് സിംഗ് വര്‍മ്മയില്‍ നിന്നും നേടിയ ബെന്നീസ് റോയല്‍ ടൂര്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമായിരുന്നു വോയേജറിന്റെ സംഘാടകര്‍. രാജ്യത്ത് ആദ്യമായാണ് യാത്രികര്‍ക്ക് മാത്രമായി ഇത്തരമൊരു കോണ്‍ക്ലേവ് സംഘടിക്കപ്പെടുന്നത്. കൊച്ചിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചടങ്ങില്‍ അസര്‍ബെയ്ജാന്‍, ജിബൂട്ടി, വെനീസൂല, വിയറ്റ്നാം, കെനിയന്‍ അംബാസിഡര്‍മാരും പ്രതിനിധികളും പങ്കെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ച എന്ന നിലയ്ക്കാണ് തലസ്ഥാനത്ത് യാത്രാപ്രേമികള്‍ക്കായി ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചത്.
ഏഴു വന്‍കരകളിലായി ഇരുനൂറിലധികം രാജ്യത്തിലേക്ക് മൂന്നുവര്‍ഷം കൊണ്ട് യാത്രികരെ എത്തിക്കുക എന്ന യാത്രദൗത്യമാണ് വോയേജര്‍ എന്ന കോണ്‍ക്ലേവ് മുന്നോട്ടുവെക്കുന്നത്. രാജ്യപദവി ലഭിച്ചിട്ടില്ലാത്തതും ഗ്രൂപ്പ് ടൂറുകള്‍ ഓപ്പറേറ്റ് ചെയ്യാന്‍ താരതമ്യേന ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലടക്കം കേരളത്തില്‍ നിന്നുള്ള യാത്രികര്‍ക്ക് പോകാന്‍ എല്ലാവിധ സൗകര്യവുമൊരുക്കുകയാണ് വോയേജര്‍. ഈ വന്‍പദ്ധതിക്ക് മുന്നോടിയായി യാത്രാപ്രേമികളുടെ സംഗമമാണ് രണ്ടു ദിവസങ്ങളില്‍ തലസ്ഥാനത്ത് നടന്നത്. ആഡംബരകപ്പല്‍ ഓപ്പറേറ്റര്‍മാര്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, മറ്റ് വിദഗ്ധരും പരിപാടിയില്‍ എത്തിച്ചേര്‍ന്നു. ഏറ്റവും കുറഞ്ഞത് 25 രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രികരെ ചടങ്ങില്‍ ആദരിച്ചു. ഇന്ത്യയില്‍ ആദ്യമായി ഗ്ലോബല്‍ പാസ്‌പോര്‍ട്ടും ചടങ്ങില്‍ പുറത്തിറക്കി. ഓരോ രാജ്യവും സന്ദര്‍ശിച്ചതിന്റെ തെളിവായി എക്കാലവും സൂക്ഷിക്കാവുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മ്മിതി. പ്രമുഖ യാത്രികനും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍. നായരാണ് വോയേജറിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.
കോവിഡ് കാലത്തും വിവിധ വിദേശ ടൂറുകള്‍ നടത്തുകയും ഉത്തരധ്രുവത്തിനടുത്തുള്ള മുര്‍മാന്‍സ്‌ക് എന്ന പട്ടണത്തിലേക്ക് കേരളത്തില്‍ നിന്നുള്ള ഏറ്റവും വലിയ ടൂര്‍ നടത്തി റെക്കോഡ് നേട്ടം കൈവരിച്ച ബെന്നീസ് റോയല്‍ ടൂര്‍സ് കൊച്ചി കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. സ്‌പോട്ട് ബുക്കിങ്, ഗ്ലോബല്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കാനുള്ള അവസരം എന്നിവ ഉള്‍പ്പെടെ വിവിധങ്ങളും ആകര്‍ഷകമായ പദ്ധതികള്‍ ഈ ഗ്ലോബല്‍ ട്രാവല്‍ മീറ്റില്‍ ഒരുക്കിയിരുന്നു. ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി ഷാരോണ്‍ വീട്ടില്‍, ബെന്നീസ് ടൂര്‍സ് മാനേജിങ് ഡയറക്ടര്‍ ബെന്നി പാനിക്കുളങ്ങര, ഡയറക്ടര്‍മാരായ മനോജ് മോഹന്‍, ശ്രീകുമാര്‍ നായര്‍, ബിജു ആര്‍.എസ്, അജീഷ് ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.