ഗ്രേറ്റര്‍ നോയിഡയില്‍ കഴിഞ്ഞ ദിവസം കൊടിയിറങ്ങിയ 2023 ഓട്ടോ എക്സ്പോ അക്ഷരാര്‍ത്ഥത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടേതായിരുന്നു. ഐസിഇ വാഹനങ്ങളേക്കാളുപരി നിരവധി ഇവികളുടെ ലോഞ്ചുകള്‍ക്കും അവതരണങ്ങള്ക്കുമാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോ ഇവന്റ് സാക്ഷിയായത്. ഓട്ടോ എക്സ്പോ 2023-ല്‍ വരാനിരിക്കുന്ന ഒരുപാട് പുതിയ ഇവികള്‍ ഞങ്ങള്‍ കണ്ടു.
രാജ്യം ബദല്‍ ഇന്ധനങ്ങളിലേക്ക് മാറുന്ന ട്രാക്ക് തിരിച്ചറിഞ്ഞ് എല്ലാ വാഹന നിര്‍മ്മാതാക്കളും അതിനനുസരിച്ചാണ് ചുവടുവെക്കുന്നത്. എല്ലാ നിര്‍മ്മാതാക്കളും ഒന്നുകില്‍ ഒന്നോ അധികല് കുടുതലോ ഇവികളില്‍ പ്രവര്‍ത്തിക്കുന്നു. അതുമല്ലെങ്കില്‍ അവരുടെ ആഗോള ലൈനപ്പിലുള്ള ഇവികള്‍ ഇന്ത്യയില്‍ എത്തിക്കാനുള്ള പരിപാടിയിലാണ്. പുതിയ കാറുകളില്‍ പലതും 500 കിലോമീറ്ററിലോറെ റേഞ്ചുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കിലോമീറ്ററിലേറെ റേഞ്ച് വാഗ്ദാനവുമായി സമീപഭാവിയില്‍ ഇന്ത്യയില്‍ അവതരിക്കാന്‍ പോകുന്ന താങ്ങാനാവുന്ന ഇവികളെ കുറിച്ചാണ് നമ്മള് ഈ ലേഖനത്തില്‍ പറയാന്‍ പോകുന്നത്.
ടാറ്റ ഹാരിയര്‍ ഇവി
2023 ഓട്ടോ എക്സ്പോയിലെ ടാറ്റയുടെ സര്‍പ്രൈസുകളില്‍ ഒന്നായിരുന്നു ഹാരിയര്‍ ഇവി. ഹാരിയറിലൂടെ ടാറ്റ വലിയ ഇലക്ട്രിക് കാര്‍ നിര്‍മാണത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. ഓട്ടോ എക്സ്പോയില്‍ ടാറ്റ ഹാരിയര്‍ ഇവി അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ക്ലോസ്ഡ് ഗ്രില്‍ ഡിസൈനിനൊപ്പം കണക്ടഡ് ഡിആര്എല്ലുമായാണ് ഹാരിയര്‍ ഇവി വരുന്നത്. ഇവിയുടെ വശങ്ങളില് ഒരു ഇവി ബാഡ്ജ് മാത്രമേ കാണാനാകൂ. പിന്‍ഭാഗത്ത് ബ്ലാക്ക്ഡ്-ഔട്ട് ടെയില്‍ ലാമ്ബുകള്‍ നല്കിയിരിക്കുന്നു.
വരാന്‍ പോകുന്ന ഇലക്ട്രിക് എസ്യുവിയുടെ സാങ്കേതിക വിവരങ്ങളും സവിശേഷതകളും ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഇലക്ട്രിക് കാറിന് 500 കിലോമീറ്ററിന് മുകളില്‍ റേഞ്ച് ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. 2023 അവസാനത്തോടെ ഹാരിയര്‍ ഇവി പുറത്തിറക്കാനാണ് ടാറ്റ പദ്ധതിയിടുന്നത്. മഹീന്ദ്രയുടെ ഇവി ലൈനപ്പില്‍ ഒരുപിടി മോഡലുകള്‍ വരിനില്ക്കുന്നതിനാല് തങ്ങളുടെ ഇലക്ട്രിക് മോഡല്‍ നിര വിപുലീകരിക്കുന്നത് ടാറ്റ വൈകിക്കാന്‍ ഇടയില്ല.
ഹ്യുണ്ടായി/കിയ ഇവി
കൊറിയന്‍ വാഹന ഭീമന്മാരായ ഹ്യുണ്ടായിയും കിയയും ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടുള്ള ഒരു താങ്ങാനാവുന്ന ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഇവി നിലവിലുള്ള ഐസിഇ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇത് ഒരുപക്ഷേ വെന്യു അല്ലെങ്കില്‍ സോനെറ്റിന്റെ ഇലക്ട്രിക് പതിപ്പാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പതിപ്പ് ആയിരിക്കാമെന്നാണ് ആദ്യ സൂചനകള്‍. ടാറ്റ നെക്സോണ്‍ EV, മഹീന്ദ്ര XUV400 നിലവിലെ ഒരു രീതി വെച്ച് ഹ്യുണ്ടായിയും കിയയും 500 കിലോമീറ്ററില്‍ താഴെ റേഞ്ചുമായി ഈ ഇവി പുറത്തിറക്കാന്‍ സാധ്യതയില്ല. മിക്കവാറും അടുത്ത വര്‍ഷം ഈ ഇവികള്‍ ലോഞ്ച് ചെയ്യാനാണ് സാധ്യത.
മഹീന്ദ്ര XUV.e8
മഹീന്ദ്ര XUV.e8 എന്ന മോഡല്‍ XUV700-ന്റെ വലിപ്പത്തോട് സാമ്യമുള്ള ഒരു മിഡ്സൈസ് ഇലക്ട്രിക് കാര്‍ ആണ്. ഇതിന്റെ അളവുകള്‍ നോക്കിയാല്‍, ഈ ഇവിക്ക് 4,740 എംഎം നീളവും 1,900 എംഎം വീതിയും 1,760 എംഎം ഉയരവുമുണ്ട്. 2762 എംഎം ആണ് ഈ ഇവിയുടെ വീല്‍ബേസ്. XUV.e8 മഹീന്ദ്രയുടെ പുതിയ INGLO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എല്ലാ കാറുകള്‍ക്കും കുറഞ്ഞത് 500 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ഇതുകൂടാതെ, ഈ കാറില്‍ ഒരു ഓള്-വീല്‍ ഡ്രൈവ് വേരിയന്റ് നമുക്ക് പ്രതീക്ഷിക്കാം. 2024 ഡിസംബറില്‍ ഇവി വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
മഹീന്ദ്ര XUV.e9
മഹീന്ദ്ര e8 ന് ശേഷം കമ്ബനി e9 പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂപ്പെ ഡിസൈനിലാണ് മഹീന്ദ്ര XUV.e9 ഒരുക്കുന്നത്. ഡിസൈന്‍ നോക്കുമ്ബോള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ‘L’ തിരിച്ചിട്ട ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍ ഇതിന് ലഭിക്കുന്നു. അധികം വരകളും കുറികളും ഒന്നുമില്ലാതെ വൃത്തിയുള്ള ഡിസൈനാണ് ഇതിന് നല്‍കിയിരിക്കുന്നത്. മഹീന്ദ്ര e8 പോലെ മഹീന്ദ്ര e9-നും ഒറ്റ ചാര്‍ജില്‍ 500 ലേറെ കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിച്ചേക്കും. 2025 ഏപ്രിലില്‍ മഹീന്ദ്ര ഈ ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്നാണ് സൂചന.
ഓല ഇലക്ട്രിക് കാര്‍
ഇന്ത്യയില്‍ ഐസിഇ യുഗത്തിന് അന്ത്യം കുറിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവകാശപ്പെടുന്ന ഇവി സ്റ്റാര്‍ട്ടപ്പാണ് ഓല ഇലക്ട്രിക്. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വന്‍ വില്‍പ്പന നേടി കുതിക്കുകയാണ് ഓല ഇപ്പോള്‍. അടുത്തായി ഇലക്ട്രിക് കാര്‍ വിപണിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ഓല. കുറച്ച് ദിവസങ്ങള്‍ മുമ്ബ് ഓല ഇലക്ട്രിക് കാറിന്റെ ടീസര്‍ കമ്ബനി പുറത്തു വിട്ടിരുന്നു. അഗ്രസീവ് ഫ്രണ്ട് ഡിസൈനിലാണ് കാര്‍ വരുന്നതെന്ന് ടീസറിലൂടെ വ്യക്തമാണ്. ഇത് ഒരു കൂപ്പെ എസ്യുവിയാണെന്നാണ് ടീസര്‍ നല്കുന്ന സൂചനകള്‍. ഈ ഇലക്ട്രിക് കാറിന് 500 കിലോമീറ്ററിലധികം റേഞ്ച് കിട്ടുമെന്നാണ് ഓല അവകാശപ്പെടുന്നത്. സമീപ വര്‍ഷങ്ങളില്‍ തന്നെ ഓല തങ്ങളുടെ ഇലക്ട്രിക് കാര്‍ നിരത്തിലെത്തിക്കും.