ബാര്‍ തൊഴിലാളികളുടെ പുനരധിവാസത്തിന് പിരിച്ച തുക വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിഎജി. 1059 കോടി രൂപ പുനരധിവാസ സെസ് വഴി പിരിച്ചിട്ടും എട്ട് കോടി രൂപയോളം മാത്രമാണ് ചെലവഴിച്ചത്. ബാര്‍ തൊഴിലാളികളുടെ പുനരധിവാസം ഇപ്പോഴും പ്രാരംഭഘട്ടത്തില്‍ മാത്രമാണെന്നും സിഎജിയുടെ വിമര്‍ശനമുണ്ട്.

2014 – 2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ബാറുകള്‍ പൂട്ടിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട ജീവനക്കാരെ പുനരധിവസിപ്പിക്കാനാണ് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തിയത്. ബിവറേജസ് വഴി വില്‍ക്കുന്ന മദ്യത്തിന്റെ അഞ്ച് ശതമാനമായിരുന്നു സെസ്. 2014 മുതല്‍ 2018 വരെ 1059.04 കോടി സെസ് വഴി ശേഖരിച്ചു. 2018-2019 ല്‍ സെസ് നിര്‍ത്തലാക്കി. പിരിച്ച 1059 കോടി രൂപയില്‍ 8.73 കോടി രൂപ മാത്രമാണ് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയത്.

5851 തൊഴിലാളികള്‍ക്ക് മാത്രമേ ഇത് ലഭിച്ചുള്ളൂ. മദ്യവര്‍ജ്ജന പ്രചാരണത്തിനുള്ള സുബോധത്തിന് 1.43 കോടി രൂപയും വിമുക്തിക്ക് 1.83 കോടിയും ചെലവഴിച്ചു. 1028.05 കോടി രൂപയാണ് ചെലവഴിക്കാതെ സര്‍ക്കാര്‍ അക്കൗണ്ടിലുള്ളത്. ഇതിനെതിരെയാണ് സിഎജി വിമര്‍നം. സെസ് ഏര്‍പ്പെടുത്തി നാല് വര്‍ഷം കഴിഞ്ഞിട്ടും തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയൊന്നും നടപ്പിലാക്കിയില്ല. ഇത് സര്‍ക്കാരിന്റെ പരാജയമാണെന്നാണ് സിഎജി കണ്ടെത്തല്‍.

പുനരധിവാസം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് സുരക്ഷ സ്വയം തൊഴില്‍ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയെങ്കിലും അത് പ്രാരംഭ ഘട്ടത്തിലാണെന്നും സിഎജി വിമര്‍ശിക്കുന്നു.