ഗുരുഗ്രാം: മുംബൈ പോലീസ് എന്ന വ്യാജേന യുവതിയില്‍ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പ്രാചി ധോക എന്ന യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. കൊറിയര്‍ സര്‍വീസ് കമ്ബനിയുടെ കസ്റ്റമര്‍ സര്‍വീസ് ആണെന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവതിക്ക് കോള്‍ വരുന്നത്.

അന്താരാഷ്ട്ര കൊറിയര്‍ ആണെന്നും രണ്ട് പാസ്പോര്‍ട്ട് അഞ്ച് എ.ടി.എം. കാര്‍ഡുകള്‍ 300 ഗ്രാം കഞ്ചാവ് ഒരു ലാപ്ടോപ് എന്നിവ കൊറിയറായി വന്നിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് തിരിച്ചയച്ചുവെന്നും യുവതിയെ അറിയിച്ചു. എന്നാല്‍ യുവതി അത്തരത്തില്‍ ഒന്നും തന്നെ ഇല്ലെന്ന് അറിയിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിനാല്‍ പോലീസില്‍ പരാതിപ്പെടാന്‍ വിളിച്ചയാള്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരു വ്യക്തിക്ക് ഇയാള്‍ ഫോണ്‍ കൈമാറി. സംഭവത്തില്‍ പങ്കില്ലെന്ന് വരുത്തിത്തീര്‍ക്കാമെന്നും അന്വേഷണത്തില്‍ സഹായിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ചയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയില്‍ നിന്ന് അന്വേഷണത്തിനെന്ന വ്യാജേന പണം തട്ടിയെടുക്കുകയായിരുന്നു. ആദ്യം 95,499 രൂപ യുവതിയില്‍ നിന്ന് ഇവര്‍ കൈപ്പറ്റി. തുടര്‍ന്ന് തവണകളായി വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 6,93,437.50 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പോലീസ് എഫ്.ഐ.ആര്‍. രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു.