ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതിയുടെ ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ശനിയാഴ്ച ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേയിലെ വഡോദര-വിരാര്‍ ഹൈവേയുടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ മന്ത്രി പങ്കുവെച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ വഡോദര-വിരാര്‍ സെക്ഷനില്‍ നിന്നുള്ള അതിമനോഹരമായ കാഴ്ചകള്‍. സമൃദ്ധമായ ഇന്ത്യയ്ക്കുള്ള ദൂരം പരിമിതപ്പെടുത്തുന്നു,” ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേയുടെ ഫോട്ടോകള്‍ പങ്കിട്ടുകൊണ്ട് ഗഡ്കരി ട്വീറ്റില്‍ പറഞ്ഞു.

1386 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ പദ്ധതി പൂര്‍ത്തിയായാല്‍ ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം 12 മണിക്കൂറായി മാറും. ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമായ എക്‌സ്‌പ്രസ് വേകളില്‍ ഒന്നായിരിക്കും ഡല്‍ഹി-മുംബൈ അതിവേഗ പാത. 2018-ലാണ് പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. മുംബൈ-ഡല്‍ഹി എക്‌സ്പ്രസ് വേ ഡിസംബറില്‍ സജ്ജമാകുമെന്ന് കഴിഞ്ഞ വര്‍ഷം ഗഡ്കരി പ്രഖ്യാപിച്ചിരുന്നു.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ 101,420 കോടി രൂപ ചെലവിലാണ് ഡല്‍ഹി-മുംബൈ എക്‌സ്‌പ്രസ് വേ നിര്‍മിക്കുന്നത്. ഡല്‍ഹിക്കും മുംബൈക്കും പുറമെ ജയ്പൂര്‍, വഡോദര, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണിത്. ഡല്‍ഹിയും മുംബൈയും തമ്മിലുള്ള യാത്രാ സമയം വെറും 12 മണിക്കൂറായി കുറയ്ക്കുന്നതിനൊപ്പം, ജയ്പൂരിനും ഗുരുഗ്രാമിനുമിടയിലുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി കുറയ്ക്കാനാകും. നിലവില്‍, ഗുരുഗ്രാമും ജയ്പൂരും തമ്മിലുള്ള ദൂരം താണ്ടാന്‍ ഏകദേശം 4-5 മണിക്കൂര്‍ എടുക്കും.

2023-24 സാമ്ബത്തിക വര്‍ഷത്തോടെ ഹൈവേയുടെ ഭൂരിഭാഗം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുമെന്നും ഡല്‍ഹി മുംബൈ എക്സ്പ്രസ് വേ 2024 ഓടെ പ്രവര്‍ത്തനക്ഷമമാകുമെന്നും ധനമന്ത്രാലയം അറിയിച്ചു.