മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘എമര്‍ജന്‍സി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി ബോളിവുഡ് താരം കങ്കണ റണൗട്ട്. കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി ചിത്രത്തില്‍ വേഷമിടുന്നത്. സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും നടി തന്നെയാണ്.


ഇന്‍സ്റ്റഗ്രാമിലൂടെയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ വിവരം താരം അറിയിച്ചത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയതെന്നും കുറിപ്പില്‍ കങ്കണ വ്യക്തമാക്കി.


എമര്‍ജന്‍സി പൂര്‍ത്തിയാകാതിരിക്കാന്‍ തന്റെ ശത്രുക്കള്‍ ഏറെ ശ്രമിച്ചുവെന്നും എല്ലാ വെല്ലുവിളികളേയും അതിജീവിച്ച്‌ സിനിമ യാഥാര്‍ത്ഥ്യമായെന്നുമാണ് താരം വ്യക്തമാക്കിയത്. കൂടാതെ ഈ സിനിമയ്ക്കു വേണ്ടി തന്റെ എല്ലാ സ്വത്തുക്കളും പണയം വെക്കേണ്ടി വന്നുവെന്നും നടി പറയുന്നു.


ഏറെ പ്രതിസന്ധികളാണ് സിനിമ ആരംഭിച്ചതു മുതല്‍ നേരിടേണ്ടി വന്നതെന്നാണ് താരം പറയുന്നത്. സ്വത്തുക്കളെല്ലാം പണയപ്പെടുത്തേണ്ടി വന്നു. ആദ്യ ഷെഡ്യൂളിന്റെ സമയത്ത് ഡെങ്കു ബാധിതയായി. ഒരു വ്യക്തി എന്ന നിലയില്‍ താന്‍ കഠിനമായി പരീക്ഷിക്കപ്പെട്ടു.


ആഗ്രഹങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും വേണ്ടി കഠിനാധ്വാനം ചെയ്താല്‍ മതിയെന്ന് വിശ്വസിക്കുന്നുവെങ്കില്‍ അത് ശരിയല്ലെന്നും കങ്കണ തന്റെ ആരാധകരോട് പറയുന്നു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടെങ്കില്‍ പോലും പലപ്പോഴും അതിനു വേണ്ടിയുള്ള കഠിനാധ്വാനം മാത്രം മതിയാകില്ല. നിങ്ങളുടെ പരിധിക്കപ്പുറമുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. അപ്പോള്‍ തകര്‍ന്നു പോകരുത്.


നേടിയെടുക്കുന്നതു വരെ നിങ്ങള്‍ പരിശ്രമിക്കണം. ഇതിനിടയില്‍ തകര്‍ന്നു പോയാല്‍ അതും ആഘോഷിക്കണം. കാരണം അത് കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള അവസരമാണ്. തന്നെ സംബന്ധിച്ചും ഇതൊരു പുനര്‍ജീവിതമാണ്. പഴയതിനേക്കാള്‍ കൂടുതല്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെടുന്നു. തന്നെ പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്ത എല്ലാവരോടും താരം നന്ദിയും പറയുന്നുണ്ട്.


അനുപം ഖേര്‍, മഹിമ ചൗധരി, സതീഷ് കൗശിക്, മിലിന്ദ് സോമന്‍, ശ്രേയസ് താല്‍പ‍ഡ‍േ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.