2022 സെഞ്ച്വറിയോടെ അവസാനിപ്പിച്ച ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി 2023 നും തകർപ്പൻ തുടക്കമിട്ടിരിക്കുകയാണ്. ഈ വർഷം ഇതുവരെ 2 സെഞ്ച്വറികളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഏകദിന ക്രിക്കറ്റിൽ 46 സെഞ്ച്വറികൾ നേടി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറിൻ്റെ റെക്കോഡിലേക്ക് അടുക്കുകയാണ് കിംഗ് കോലി. ഈ സാഹചര്യത്തിൽ ടെണ്ടുൽക്കറുമായി താരത്തെ വീണ്ടും താരതമ്യപ്പെടുത്തുകയാണ് സോഷ്യൽ മീഡിയ.

50 ഓവർ ഫോർമാറ്റിൽ 49 സെഞ്ച്വറികളുമായി, ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ കളിക്കാരനെന്ന ബഹുമതി ഇതിഹാസ താരം സച്ചിൻ്റെ പേരിലാണ്. ഈ റെക്കോർഡ് കോലി മറികടക്കും എന്നതിൽ സംശയമില്ല. സച്ചിനും കോലിയും തമ്മിലുള്ള ‘GOAT’ സംവാദം വീണ്ടും സജീവമായതോടെ ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ കപിൽ ദേവും ഇപ്പോൾ വിഷയത്തിൽ അഭിപ്രായം പറഞ്ഞിരിക്കുകയാണ്.

ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കപിൽ ദേവിൻ്റെ പ്രതികരണം. 24 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ നിരവധി റെക്കോർഡുകളാണ് മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കിയത്. ഒന്നിന് പിറകെ ഒന്നായി നിരവധി റെക്കോഡുകൾ തകർത്ത് കോലിയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ രണ്ട് വ്യത്യസ്ത തലമുറകളിലെ കളിക്കാരെ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ് പറഞ്ഞു.

11 പേരടങ്ങുന്ന ടീമാണിത്. എനിക്ക് എന്റേതായ ഇഷ്ടങ്ങളോ അനിഷ്ടങ്ങളോ ഉണ്ടാകാം, എന്നാൽ ഓരോ തലമുറയും കാലത്തിനനുസരിച്ച് മെച്ചപ്പെടുന്നു. നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു സുനിൽ ഗവാസ്‌കർ. അതിനു ശേഷം രാഹുൽ ദ്രാവിഡിനെയും സച്ചിനെയും വീരേന്ദർ സെവാഗിനെയും കണ്ടു, ഇപ്പോൾ രോഹിതിനെയും വിരാട് കോലിയെയും കാണുന്നു. മാത്രമല്ല, വരും തലമുറ നന്നാവുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ക്രിക്കറ്റ് താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണാം.”- കപിൽ ദേവ് അഭിപ്രായപ്പെട്ടു.