അണ്ടർ 19 വനിതാ ലോകകപ്പിൻ്റെ സൂപ്പർ സിക്സ് ഘട്ടത്തിൽ ഇന്ത്യക്ക് ആദ്യ ജയം. ഗ്രൂപ്പ് ഒന്നിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ 7 വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 9 വിക്കറ്റ് നഷ്ടത്തിൽ 59 റൺസിന് ഒതുക്കിയ ഇന്ത്യ 7.2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി ജയം കണ്ടു. 4 വിക്കറ്റ് വീഴ്ത്തിയ പർശ്വി ചോപ്രയും 15 പന്തിൽ 28 റൺസ് നേടി പുറത്താവാതെ നിന്ന സൗമ്യ തിവാരിയുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ ഇന്ത്യൻ ബൗളർമാർ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ക്യാപ്റ്റൻ വിശ്‌മി ഗുണരത്നെയാണ് (25) ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. വിശ്‌മിയെ കൂടാതെ ഉമയ രത്നായകെ (13) മാത്രമാണ് ശ്രീലങ്കൻ ഇന്നിംഗ്സിൽ ഇരട്ടയക്കം കടന്നത്. പർശ്വി ചോപ്ര 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മന്നത് കശ്യപ് 2 സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ (15), റിച്ച ഘോഷ് (4), ശ്വേത സെഹ്‌രാവത് (13) എന്നിവരെ നഷ്ടമായെങ്കിലും ആക്രമിച്ചുകളിച്ച സൗമ്യ തിവാരി ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.