ദുബൈ: റിയല്‍ എസ്റ്റേറ്റില്‍ കുതിപ്പ് നടത്തുന്ന ദുബൈയില്‍ വനിത സാന്നിധ്യം വര്‍ധിക്കുന്നു. 2021നെ അപേക്ഷിച്ച് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വനിത നിക്ഷേപം 50 ശതമാനത്തിലേറെ ഉയര്‍ന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ദുബൈ ലാന്‍ഡ് ഡിപാര്‍ട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 26,698 നിക്ഷേപങ്ങളാണ് സ്ത്രീകള്‍ റിയല്‍ എസ്റ്റേറ്റില്‍ നടത്തിയത്.
2021നെ അപേക്ഷിച്ച് 50.8 ശതമാനം കൂടുതലാണിത്. സാമ്ബത്തിക മേഖലയില്‍ വനിത ശാക്തീകരണത്തിന് ദുബൈ നല്കുന്ന പിന്തുണയാണ് ഈ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 2033ല്‍ ദുബൈയുടെ സാമ്ബത്തിക മേഖല ഇരട്ടിയായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിന് വനിതകളുടെ സംഭാവന കരുത്തുപകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടുതല്‍ സ്ത്രീകളെ ഈ മേഖലയിലേക്ക് കൈപിടിച്ചുയര്ത്താനാവശ്യമായ പ്രോത്സാഹനങ്ങള്‍ അധികൃതര്‍ നല്‍കുന്നുണ്ട്.
മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ അത്ര ശ്രദ്ധകേന്ദ്രീകരിക്കാത്ത മേഖലയായിരുന്നു റിയല്‍ എസ്റ്റേറ്റ്. പുരുഷകേന്ദ്രീകൃതായിരുന്നു ഇതുവരെ ഈ മേഖല. എന്നാല്‍, കഴിഞ്ഞ വര്‍ഷങ്ങളായി ഈ മേഖലയില്‍ സ്ത്രീകള്‍ വന്‍ തോതില്‍ കടന്നുവരുന്നുണ്ട്. ഓരോ വര്‍ഷവും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വര്ധനവുണ്ടാകുമ്ബോള് അതില്‍ വനിതകളുടെ പങ്കും നിസ്തുലമാണ്. കേവലം നിക്ഷേപത്തില്‍ ഒതുങ്ങുന്നതല്ല വനിതകളുടെ പങ്കാളിത്തം. ഡവലപ്പേഴ്സ്, റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവരിലെല്ലാം വനിത പ്രാധിനിത്യം പ്രകടമാണ്.
പോയവര്‍ഷം ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ റെക്കോഡ് കുതിപ്പാണ് രേഖപ്പെടുത്തിയത്. വാര്‍ഷിക റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 50 ട്രില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നിരുന്നു. 2022ല്‍ 1,22,658 റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ആകെ നടന്നത്. 528 ശതകോടി ദിര്‍ഹം മൂല്യം വരും ഈ ഇടപാടുകള്‍ക്ക്.