ലക്നൗ: പ്രയാഗ്‌രാജ്, വാരണാസി, മീററ്റ് ഡിവിഷനുകളുടെ വികസന പദ്ധതികള്‍ പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫെബ്രുവരി 10 മുതല്‍ 12 വരെ ലക്‌നൗവില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023-നെ കുറിച്ച്‌ അദ്ദേഹം വിശദമായി വിവരിച്ചു. ജിഐഎസ്-2023 ന് മുന്നോടിയായി ജില്ലാതലത്തില്‍ സമ്മേളനം സംഘടിപ്പിക്കും. ജിഐഎസ്-2023 ഒരു ചരിത്ര സംഭവമായിരിക്കും. വിവിധ ജില്ലാതല സമ്മേളനങ്ങളിലും കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നുണ്ട് എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

മീററ്റ്, ബാഗ്പത്, ഗാസിയാബാദ്, ഹാപൂര്‍, ഗൗതം ബുദ്ധ നഗര്‍, ബുലന്ദ്ഷഹര്‍, വാരണാസി, ജൗന്‍പൂര്‍, ഗാസിപൂര്‍, ചന്ദൗലി, പ്രയാഗ്‌രാജ്, കൗശാംബി, ഫത്തേപൂര്‍, പ്രതാപ്ഗഡ് ജില്ലകളിലെ ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയെ ജനങ്ങളുടെ അഭിലാഷങ്ങള്‍ അറിയിക്കുകയും പുതിയ വികസന പദ്ധതികള്‍ക്കായി നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. എംപിമാരില്‍ നിന്നും എംഎല്‍എമാരില്‍ നിന്നും വിവിധ വികസന പദ്ധതികളുടെ പുരോഗതിയെക്കുറിച്ച്‌ ചോദിച്ചറിയുകയും സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വ്യവസായ നയം പരസ്യപ്പെടുത്താന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സര്‍വകലാശാലകളിലും കോളേജുകളിലും പോളിടെക്‌നിക്കുകളിലും സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച്‌ ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും ഈ ചര്‍ച്ചകളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

വ്യാപാരം, സാങ്കേതിക വിദ്യ, വിനോദസഞ്ചാരം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്ത്രം’ പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശ് പുതിയ ഉയരങ്ങള്‍ കൈവരിക്കുകയാണ്. മെച്ചപ്പെട്ട ക്രമസമാധാന നിലയും നയപരിഷ്കാരങ്ങളും കണക്കിലെടുത്ത് ഇന്ത്യയിലും ലോകത്തും നിക്ഷേപത്തിനുള്ള ഏറ്റവും മികച്ച സ്ഥലമായി ഉത്തര്‍പ്രദേശ് വളര്‍ന്നുവരുകയാണ്. സ്ഥിതിഗതികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതില്‍ ജനപ്രതിനിധികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമഫലമായി പ്രകൃതിയുടെയും സംസ്‌കാരത്തിന്റെയും സാഹസികതയുടെയും കേന്ദ്രമായി വാരണാസി മാറുന്നു. സംസ്ഥാനത്തെ ആദ്യത്തെ കായിക സര്‍വകലാശാല മീററ്റിലും ഏഷ്യയിലെ ഏറ്റവും വലിയ അന്താരാഷ്‌ട്ര വിമാനത്താവളം ജെവാറിലുമാണ് വരുന്നുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.