ലണ്ടന്‍: ലോകത്തിലെ ശക്തനായ ഭരണാധികാരികളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗവും നിയനിര്‍മ്മാതാവുമായ ലോര്‍ഡ് കരണ്‍ ബിലിമോറിയ. ‘ബാല്യത്തില്‍ ഗുജറാത്തിലെ റെയില്‍വേ സ്റ്റേഷനില്‍ പിതാവിന്റെ ചായക്കടയില്‍ ചായ വിറ്റു. ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയെന്ന നിലയില്‍ ഭൂമിയിലെ ഏറ്റവും ശക്തരായ വ്യക്തികളില്‍ ഒരാളാണ് നരേന്ദ്ര മോദി’ എന്നാണ് ബിലിമോറിയുടെ പരാമര്‍ശം.

ഇന്ത്യയ്‌ക്ക് ജി20-യുടെ അദ്ധ്യക്ഷ സ്ഥാനമുണ്ട്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ 32 ബില്യണ്‍ യുഎസ് ഡോളര്‍ മൊത്ത വരുമാനം ഉണ്ടാകുമെന്നും ലോകത്തിലെ രണ്ടാമത്തെ സമ്ബദ് വ്യവസ്ഥയായി മാറാനുള്ള ശക്തിയും ബുദ്ധിയും ഭാരതത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദശകങ്ങളില്‍ യുകെ അവരുടെ ഏറ്റവും വിശ്വസ്ത പങ്കാളിയും ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്ബദ് വ്യവസ്ഥയായെന്നും ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്ബദ് വ്യവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരുന്ന വര്‍ഷങ്ങളില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈയടക്കാന്‍ കഴിയട്ടെന്നും അദ്ദേഹം ആശംസിച്ചു. യുകെയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം സംബന്ധിച്ച സംവാദത്തില്‍ സംസാരിക്കുകവേയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.