അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. അവസാന ഹാജര്‍ രേഖപ്പെടുത്തിയ തിയതിയുള്‍പ്പെടെ നിശ്ചിത ഫോറത്തില്‍ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സര്‍ക്കാര്‍ അനുമതിയില്ലാതെ അവധിയില്‍ തുടരുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു. ശമ്പളമില്ലാത്ത അവധിയെടുക്കുകയും അനുവദിച്ച അവധിക്ക് ശേഷവും തിരികെ സര്‍വീസില്‍ പ്രവേശിക്കാത്തവരേയുമാണ് പിരിച്ചുവിടുക. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുമേധാവികള്‍ നടപടി തുടങ്ങിയത്.

ഓരോ വകുപ്പിലും വിവിധ തസ്തികകളില്‍ ആറു മാസത്തില്‍ കൂടുതല്‍ ശമ്പളം വാങ്ങതെ അവധിയിലും അനധികൃത അവധിയിലും തുടരുന്ന ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കാനാണ് നിര്‍ദ്ദേശം. ശമ്പളമില്ലാത്ത അവധിയില്‍ തുടര്‍ന്നുവന്നതും എന്നാല്‍ കാലാവധി കഴിഞ്ഞശേഷവും സര്‍വീസില്‍ പ്രവേശിക്കാത്തവരുടേയും വിവരങ്ങള്‍ നല്‍കണം. ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്കില്‍ നിന്നുള്ള വിവരങ്ങളും നല്‍കണം.

ഓരോ തസ്തികയ്ക്കും പ്രത്യേകം ഷീറ്റിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. ജീവനക്കാരന്റെ പേര്, സ്പാര്‍ക്ക് പ്രകാരം അവസാനമായി ശമ്പളം കൈപ്പറ്റിയ മാസം, ഹാജര്‍ പുസ്തകത്തില്‍ അവസാനമായി ഹാജര്‍ രേഖപ്പെടുത്തിയ തീയതി, ശമ്പളം നല്‍കാതിരിക്കാനുള്ള കാരണം, അവധി അനുവദിച്ചിട്ടുണ്ടോ എന്നിവ പ്രത്യേകം ഫോറത്തില്‍ നല്‍കാനാണ് നിര്‍ദ്ദേശം.