കൊല്ലം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യോഗിക സംഘമായ C20-യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി ദേവി മഠം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ഈ തുക ചിലവഴിക്കും. അമൃതാനന്ദമയി അദ്ധ്യക്ഷയായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സിവില്‍ 20 വര്‍ക്കിംഗ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ ഉദ്ഘാടന യോഗത്തിലാണ് പ്രഖ്യാപനം. ഈ സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ലോകമെമ്ബാടുമുള്ള സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുടെ (സിഎസ്ഒ) ആശങ്കകള്‍ കൊണ്ടുവരിക എന്നതാണ് സി20യുടെ ലക്ഷ്യം.
ഇന്ത്യയിലുടനീളമുള്ള അവികസിത സ്ഥലങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നുമുള്ള ഗുണഭോക്താക്കളുടെ ജീവിതത്തില്‍ പ്രത്യക്ഷമായ മാറ്റം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ആശ്രമം പ്രാദേശിക സിഎസ്ഒകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ‘ഇതൊരു ശുഭ മുഹൂര്‍ത്തമാണ്. ലോകത്തിന്റെ മങ്ങുന്ന വെളിച്ചം തിരികെ കൊണ്ടുവരാനുള്ള ഒരു ദൗത്യം ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നു. ജി20 രാജ്യങ്ങളുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ഇന്ത്യയ്ക്ക് അവസരം ലഭിച്ച ചരിത്രവര്ഷമാണിത്. സിവില്‍ സൊസൈറ്റി 20-ന്റെ പ്രക്രിയ വിജയകരമായി സുഗമമാക്കാനുള്ള മഹത്തായ ഉത്തരവാദിത്വം ഇന്ത്യന്‍ സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഞങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്’ എന്ന് അമൃതാനന്ദമയി ദേവി പറഞ്ഞു.
ഏതൊരു പദ്ധതിയുടെയും വിജയത്തിന് സാമൂഹിക പങ്കാളിത്തം അനിവാര്യാണ്. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ ജി 20 നേതാക്കളോട് പ്രകടിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുന്നതില്‍ സി 20 പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഉദ്ഘാടന വേളയില്‍ തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍ രവി പറഞ്ഞു. ഇന്ത്യ ജി 20 യുടെ ആതിഥേയരായതിനാല്‍, ലോകം പ്രതീക്ഷയോടെ നമ്മളെ നോക്കുന്നു. ഇന്ത്യ മുന്നോട്ടുള്ള വഴി കാണിക്കാനുള്ള വെളിച്ചമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്, പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.