തൃശൂർ കോർപ്പറേഷൻ പുല്ലഴി ഡിവിഷനിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 21നാണ് തെരഞ്ഞെടുപ്പ്. അരയും തലയും മുറുക്കി ഡിവിഷൻ പിടിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ.

ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തൃശൂർ കോർപറേഷനിൽ ഏറെ നിർണായകമാണ് പുല്ലഴി ഡിവിഷനിലെ തിരഞ്ഞെടുപ്പ്. മൂന്ന് മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം ഒരുപോലെ മത്സരിച്ചാണ് പുല്ലഴിയിൽ പ്രചരണത്തിനിറങ്ങിയത്. കഴിഞ്ഞ തവണ കൈവിട്ട പുല്ലഴി തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. സിറ്റിംഗ് സീറ്റും കോണ്ഗ്രസ് പാരമ്പര്യവും ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇടത് മുന്നണി. ഇടത് വലത് മുന്നണികൾ ഭരിച്ച ഡിവിഷനിൽ ഇത്തവണ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു.സിറ്റിങ് ഡിവിഷനാണെങ്കിലും, കഴിഞ്ഞ തവണ മാത്രമാണ് പുല്ലഴി ഇടതുപക്ഷത്തിന് ലഭിച്ചത്. നിലവിൽ കോർപ്പറേഷനിൽ വിമതനുൾപ്പെടെ 25 പേരാണ് ഇടതുമുന്നണിക്കുള്ളത്. 23 യു.ഡി.എഫിനും ആറ് സീറ്റ്‌ ബി.ജെ.പിക്കും. തൃശൂർ കോർപറേഷനിൽ വിമതന്റെ പിന്തുണയോടെ ഭരണം പിടിച്ചിരിക്കുന്ന ഇടതുമുന്നണിക്ക് പുല്ലഴി ഡിവിഷനിലെ വിജയം അനിവാര്യമാണ്.