ഗാന്ധിനഗര്‍: 1979-ന് ശേഷം ആദ്യമായി ഗുജറാത്തിലെ ബര്‍ദാ വന്യജീവി സങ്കേതത്തില്‍ ഏഷ്യന്‍ സിംഹത്തെ കണ്ടെന്ന വിവരം പങ്കുവെച്ച്‌ വനം വകുപ്പ്. പോര്‍ബന്തര്‍ വന്യജീവി ഭാഗത്തിലെ മാധവ്പൂര്‍ റേഞ്ചിലാണ് ഒക്ടോബറില്‍ ആദ്യമായി സിംഹത്തെ കാണുന്നത്. മൂന്നു മാസത്തോളം തീരദേശ പ്രദേശങ്ങളിലും തരിശു ഭൂമിയിലുമായി ചെലവഴിച്ചതിന് ശേഷമാണ് ഇത് ബര്‍ദയിലേക്ക് കടന്നത്. ഒക്ടോബര്‍ 29-ന് സിംഹത്തിന്റെ ചലനം മനസ്സിലാക്കുന്നതിനായി റേഡിയോ കോളര്‍ ഘടിപ്പിച്ചിരുന്നു. ഗിര്‍ വന്യജീവി സങ്കേതത്തിന്റെ ഉപദേശക സമിതി അംഗമായ രാജ്യസഭ അംഗം പരിമള്‍ നത്വാനി സിംഹത്തെ കുറിച്ച്‌ വിശദമായ വിവരങ്ങള്‍ പങ്കുവെച്ചു. ജനുവരി 18-ന് മൂന്ന് മാസം പ്രായമുളള ആണ്‍ സിംഹം ബര്‍ദയിലേക്ക് കടന്നതായി അദ്ദേഹം അറിയിച്ചു.

ബര്‍ദാ വന്യജീവി സങ്കേതത്തിലെ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിത്യാനന്ദ് ശ്രീവാസ്തവ ജര്‍ദയാണ് സിംഹത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി അറിയിച്ചത്. 1970 കാലഘട്ടം മുതല്‍ ബര്‍ദയില്‍ ഇതിന് വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശത്തെ സസ്യജാലങ്ങളുടെ വളര്‍ച്ച സസ്യഭുക്കുകളെ നിലനിര്‍ത്തുന്നതിന് ഗുണകരമായിട്ടുണ്ട്. കൂടാതെ ഇവിടുത്തെ ജലലഭ്യത മാംസഭുക്കുകളുടെ നിലനില്‍പ്പിനും അനുയോജ്യമായി എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ നേരത്തെ തന്നെ ബര്‍ദ സിംഹങ്ങളുടെ രണ്ടാമത്തെ വാസയോഗ്യമായ സ്ഥലമെന്ന നിലയില്‍ പേരെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

1979-ലാണ് വന്യജിവി സങ്കേതം സ്ഥാപിതമായത്. ഗുജറാത്തിലെ ഗിര്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ വന്യജീവി സങ്കേതങ്ങളില്‍ സിംഹങ്ങളുടെ രണ്ടാമത്തെ വലിയ സങ്കേതമായാണ് ഇതിനെ കണക്കാക്കുന്നത്. 2019-ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഏകദേശം 674 സിംഹങ്ങളോളം ഗുജറാത്തില്‍ വസിക്കുന്നുണ്ട്. ഇതില്‍ 325 മുതല്‍ 350 വരെ 1,412 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ഗിര്‍ വന്യജീവി സങ്കേതത്തില്‍ വസിക്കുന്നു.