കോട്ടയം: കഴിഞ്ഞ അഞ്ചു വര്‍ഷമായി കോട്ടയത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന വില്ലനെ വൈകാതെ ജനം തിരിച്ചറിയുമെന്നു കോട്ടയം എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോടിമത പാലം, ആകാശപ്പാത, കെഎസ്ആര്‍ടിസി കെട്ടിടം തുടങ്ങിയ പദ്ധതികള്‍ പാതിമുടങ്ങിയതിനെക്കുറിച്ച് റിപ്പോര്‍ട്ടറുടെ കേരളയുടെ വെബ് ടീവിയായ മലയാളം ടുഡേയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുന്‍മന്ത്രി. രണ്ടു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചാല്‍ മാത്രം തീരുന്ന ഒരു പ്രശ്‌നം കഴിഞ്ഞ അഞ്ചുവര്‍ഷമായി നീട്ടി കൊണ്ടു പോയതിനു പിന്നില്‍ വലിയ അട്ടിമറിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏകദേശം പതിനഞ്ചോളം മീറ്റിങ്ങുകള്‍ കോട്ടയം കളക്ട്രേറ്റില്‍ നടന്നു. വെറും അഞ്ചു മിനിറ്റില്‍ തീരുമാനമെടുക്കാവുന്ന ഒരു കാര്യം നീട്ടിക്കൊണ്ടു പോകുന്നവര്‍ക്ക് ഒരു ഉദ്ദേശമേയുള്ളു, കോട്ടയത്തിന്റെ വികസനത്തിനു വേണ്ടി തുടങ്ങിവച്ച ഒരു പദ്ധതിയും പൂര്‍ത്തിയാക്കപ്പെടരുത്.

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ കഴിഞ്ഞ അഞ്ചു തവണയും നടന്നു കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പോലും പണം അനുവദിക്കാതിരുന്നതിനു പിന്നിലും രാഷ്ട്രീയ ബുദ്ധിയുണ്ട്. ഇതൊക്കെ ജനങ്ങള്‍ തിരിച്ചറിയും. കോടിമത പാലവുമായി ബന്ധപ്പെട്ട് മലയാളം ടുഡേയുടെ റിപ്പോര്‍ട്ടിനോട് ഏറെ പേര്‍ പ്രതികരിച്ചിരുന്നു. ബിജെപി യുവമോര്‍ച്ച ജില്ലാകമ്മിറ്റി പ്രതിഷേധയോഗവും സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടു കുടുംബങ്ങള്‍ക്കും വീടു വച്ചു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ സ്‌പോണ്‍സര്‍ഷിപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്.

തിരുവഞ്ചൂരുമായുള്ള അഭിമുഖത്തിന്റെ വീഡിയോ കാണാം-