പൊതുവെ ചൂടുള്ള കാലാവസ്ഥ ആയതിനാൽ കേരളത്തിൽ എല്ലാവരും തന്നെ മഞ്ഞുപെയ്തെങ്കിൽ എന്നും തണുപ്പായിരുന്നെങ്കിൽ എന്നുമൊക്കെ ആലോചിക്കാറുണ്ട്. എന്നാൽ, അത്ര സുഖകരമല്ല മഞ്ഞും തണുപ്പും. ചൂടുള്ള ആഹാര സാധനങ്ങൾ പോലും മഞ്ഞിൽ ഉറച്ചുപോകുന്നത് ഇത്തരം ഇടങ്ങളിൽ പതിവ് കാഴ്ച്ചയാണ്. ഇപ്പോഴിതാ. അത്തരത്തിൽ ഒരു കാഴ്ചയാണ് ശ്രദ്ധനേടുന്നത്.
ഒരു ശീതകാല ദിനത്തിൽ ഒരാൾ നൂഡിൽസ് കഴിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. മരവിപ്പിക്കുന്ന ഊഷ്മാവിൽ ഒരു പാത്രം നൂഡിൽസ് കഴിക്കാൻ ഒരാൾ ശ്രമിക്കുകയാണ്. അടുത്തതായി സംഭവിച്ചത് ആരെയും അത്ഭുതപ്പെടുത്തും! സ്വെറ്ററടക്കമുള്ള ശീതകാല വസ്ത്രങ്ങൾ ധരിച്ചയാൾ നൂഡിൽസ് കഴിക്കാൻ ആണ് പുറത്തേക്കിറങ്ങിയത്. എന്നാൽ, നിമിഷനേരംകൊണ്ട് നൂഡിൽസ് തണുത്തുറഞ്ഞ് ഒരു പരുവമാകും.
മരവിച്ച നൂഡിൽസ് പലരെയും അമ്പരപ്പിച്ചപ്പോൾ, ഇത് കഴിക്കുന്ന ആളുടെ താടിയും മുടിയും മഞ്ഞിൽ പുതഞ്ഞ് ഉറച്ചിരിക്കുന്നതും കൗതുകം സൃഷ്ടിച്ചു. അതേസമയം, മുൻപ് വായുവിൽ നിശ്ചലമായി നിൽക്കുന്ന പൊട്ടിയ മുട്ടയും, നൂഡിൽസും കൗതുകമായി മാറിയിരുന്നു.
മൈനസ് നാൽപ്പത്തിയഞ്ച് ഡിഗ്രി സെൽഷ്യസ് തണുപ്പ് അനുഭവപ്പെടുന്ന ഇടങ്ങളിൽ ഇതൊക്കെ സ്ഥിരം കാഴ്ചയാണ്. സൈബീരിയൻ സ്വദേശിയായ ഒലെഗ് എന്ന വ്യക്തിയാണ് ഈ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്. സ്പൂണിൽ കോരിയെടുത്ത നിലയിൽ നൂഡിൽസും, പൊട്ടിയ മുട്ടയുമാണ് ഈ ചിത്രത്തിൽ വായുവിൽ നിശ്ചലമായി നിൽക്കുന്നത്.