ചെന്നൈ: ആരാധകര്‍ക്ക് ഏത് പാര്‍ട്ടിയിലും വേണമെങ്കില്‍ ചേരാമെന്ന് രജനികാന്ത് പറഞ്ഞതായി അടുത്ത വൃത്തങ്ങള്‍. രജനി മക്കള്‍ മണ്‍ട്രത്തില്‍നിന്ന് രാജിവച്ച് ഏതു പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാമെന്നും രജനിയുടെ ആരാധകരാണെന്നു മറന്നു പോകരുതെന്നും മണ്‍ട്രം തിങ്കളാഴ്ച പറഞ്ഞു.
രജനി മക്കള്‍ മന്‍ട്രത്തിന്റെ 3 ജില്ലാ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം ഡിഎംകെയില്‍ ചേര്‍ന്നു. എ.ജോസഫ് സ്റ്റാലിന്‍ (തൂത്തുക്കുടി), കെ.സെന്തില്‍ സെല്‍വാനന്ത് (രാമനാഥപുരം), ആര്‍.ഗണേശന്‍ (തേനി) എന്നിവരാണു ഡിഎംകെ അധ്യക്ഷന്‍ എം.െക.സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വമെടുത്തത്.
ജോസഫ് സ്റ്റാലിന്‍ നേരത്തേ മക്കള്‍ സേവാ കക്ഷിയെന്ന പേരില്‍ തിരഞ്ഞെടുപ്പു കമ്മിഷനില്‍ രാഷ്ട്രീയ പാര്‍ട്ടി റജിസ്റ്റര്‍ ചെയ്തിരുന്നു. ഓട്ടോറിക്ഷാ ചിഹ്നമായ ഈ പാര്‍ട്ടി രജനിക്കു വേണ്ടി റജിസ്റ്റര്‍ ചെയ്തതാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ആരോഗ്യം മുന്‍നിര്‍ത്തി രജനീകാന്തെടുത്ത തീരുമാനത്തെ മാനിക്കുന്നുവെന്നും സാമൂഹിക സേവനത്തിനുള്ള വഴിയെന്ന നിലയിലാണു ഡിഎംകെയില്‍ ചേര്‍ന്നതെന്നും ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞു.