കേരളത്തില്‍ അടുത്തിടെയായി നിരവധി ഭക്ഷ്യവിധ ബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ ഓര്‍ത്തെടുക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭക്ഷ്യവിഷ ബാധ കേസായി അവസാനിക്കേണ്ടിയിരുന്ന ഒരു കൊലപാതക കേസിനെ കുറിച്ചാണ്.

ഐസ്ക്രീം കഴിച്ചു വയറു വേദനയെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ അഡ്മിറ്റാകുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന് കരുതി ക്ളോസ് ചെയ്യേണ്ടിയിരുന്ന കേസ്, പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതോ? സ്വന്തം സഹോദരന്‍.

കാസര്‍ഗോഡ് സ്വദേശിനിയായ ആന്മരിയയെ സഹോദരന്‍ ആല്‍ബിന്‍ ഐസ്‌ക്രീമില്‍ വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നു. വളരെ ആസൂത്രിതമായിട്ടായിരുന്നു ആല്‍ബിന്‍ തന്റെ സഹോദരിയെ കൊലപ്പെടുത്തിയത്. കുടുംബം കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ആല്‍ബിന്റെ ലക്‌ഷ്യം. ഇതിനായി, ഐസ്ക്രീം വാങ്ങി അതില്‍ വിഷം ചേര്‍ത്ത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും നല്‍കി. എല്ലാവരും ഐസ്ക്രീം കഴിച്ചു. പക്ഷെ പ്രതി തൊണ്ട വേദന കാരണം ഐസ്ക്രീം കഴിച്ചില്ല. അച്ഛനും അമ്മയും ഷുഗറിന്റെ പ്രശ്നങ്ങള്‍ കാരണം വളരെ കുറച്ചേ കഴിച്ചുള്ളൂ. എന്നാല്‍, ആന്മരിയ മുഴുവന്‍ കഴിച്ചു. ഒടുവില്‍ സഹോദരി മരണത്തിന് മുന്നില്‍ കീഴടങ്ങുമ്ബോഴും നിറഞ്ഞ ചിരിയോടെ സൈക്കോയെ പോലെ ആല്‍ബിന്‍ രംഗങ്ങളെല്ലാം വീക്ഷിച്ചു.

സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സാക്ഷര കേരളം ഒന്നാകെ ഞെട്ടി. സ്വത്തു മോഹിച്ചു സ്വന്തം സഹോദരിയെയും കുടുംബത്തെയും ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്ത് കൊല്ലാന്‍ നോക്കിയ ആല്‍ബിനെ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ആല്‍ബിനെ കുടുക്കാന്‍ പോലീസിനെ സഹായിച്ചത് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളായിരുന്നു. സോഷ്യല്‍ മീഡിയയിലും വാട്സാപ്പില്‍ ഒക്കെ ഇയാള്‍ ഇടുന്ന സ്റ്റാറ്റസുകള്‍ ഒരാളുടെ വ്യക്തി സ്വഭാവത്തെ തന്നെയാണ് കാണിച്ചു തരുന്നതെന്ന പൊലീസ് നിരീക്ഷണം സത്യമായി. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ആല്‍ബിന്‍ കുറ്റം ഏറ്റ് പറയുകയായിരുന്നു.