ടൂറിന്‍ (ഇറ്റലി): ആധുനിക ഫുട്​ബാളിലെ മിന്നും താരങ്ങളില്‍ ലയണല്‍ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണോ കേമനെന്ന ചോദ്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയാണിത്​. ഫുട്ബാള്‍ വിദഗ്​ധരും താരങ്ങളും സംഘാടകരും ഉള്‍പെടെ ഈ വിഷയത്തില്‍ ഭിന്നാഭിപ്രായക്കാരാണ്​. കളിക്കാരനെന്നതിനപ്പുറം മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ കളത്തില്‍ മികച്ച ലീഡര്‍ എന്ന കാര്യത്തില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ആര്‍തര്‍ മെലോക്കും ത​േന്‍റതായ മറുപടിയുണ്ട്​. നേര​േത്ത, ബാഴ്​സലോണയില്‍ മെസ്സിക്കൊപ്പം പന്തുതട്ടിയ മെലോ ഇപ്പോള്‍ യുവന്‍റസില്‍ ക്രിസ്റ്റ്യാനോയുടെ സഹതാരമാണ്​.

‘​ക്രിസ്റ്റ്യാനോ മെസ്സിയേക്കാള്‍ കൂടുതല്‍ സംസാരിക്കുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നയാളാണ്​. ഡ്രസ്സിങ്​ റൂമില്‍ വളരെ ആക്​ടീവാണ്​ അദ്ദേഹം. എല്ലാവരോടും സംസാരിക്കാനും ഒന്നിച്ചിരിക്കാനും താല്‍പര്യം കാട്ടുന്നു. സഹതാരങ്ങളുമായെല്ലാം നല്ല ബന്ധമാണ്​ അദ്ദേഹത്തിനുള്ളത്​. ഞങ്ങള്‍ ഒരേ ഭാഷ സംസാരിക്കുന്നതിനാല്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്​.’ -പോര്‍ചുഗീസ്​ ചാനലായ ഡെസിംപെഡിഡോസിന്​ നല്‍കിയ അഭിമുഖത്തില്‍ മെലോ പറഞ്ഞു.

നേതൃഗുണത്തില്‍ ഓരോ ആളുകള്‍ക്കും അവരുടേതായ രീതികളാണെന്നത്​ നമ്മളോര്‍ക്കണം. മെസ്സി അത്​ പ്രവൃത്തിയിലൂടെയാണ്​ ചെയ്​തുകാട്ടുന്നത്​. ഒരു പന്തു സ്വീകരിക്കു​േമ്ബാള്‍പോലും അത്​ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്നുണ്ട്​. മത്സരം ജയിക്കാനുള്ള അദ്ദേഹത്തിന്‍റെ ഇച്​ഛ ഓരോ ടീമംഗങ്ങളും ശ്രദ്ധിക്കുന്നു​.’

രണ്ടുപേരില്‍ ആരാണ്​ കേമനെന്ന ചോദ്യത്തിനുമുന്നില്‍ മെലോ സംശയാലുവായി. ഒടുവില്‍ നിറഞ്ഞ ചിരിയോടെ ആ ഉത്തരമെത്തി -‘ഞാന്‍ റൊണാള്‍ഡോക്കൊപ്പം നില്‍ക്കും. ഞങ്ങളൊന്നിച്ചാണ്​ കളിക്ക​ുന്നത്​’.

സഹതാരങ്ങള്‍ക്ക്​ എന്താവശ്യമുണ്ടെങ്കിലും ക്രിസ്റ്റ്യാനോ ഒപ്പമുണ്ടാകുമെന്ന്​ മെലോ പറയുന്നു. ‘അദ്ദേഹം എപ്പോള്‍ വിശ്രമിക്കണമെന്നുപോലുമറിയാതെ കഠിന പരിശീലനം നടത്തുന്നയാളാണ്​. കളത്തില്‍ നിങ്ങളുടെ മുഴുവന്‍ മികവും പുറത്തെടുക്കാന്‍ ക്രിസ്റ്റ്യാനോ പ്രോത്സാഹനം നല്‍കും. എന്തു ഭക്ഷണമാണ്​ കഴിക്കേണ്ടതെന്നതടക്കം അദ്ദേഹം പറഞ്ഞുതരും’ -മെലോ വിശദീകരിക്കുന്നു.