കര്‍ഷക സമരവുമായി ബന്ധപ്പെട്ട സുപ്രധാന ഹര്‍ജികള്‍ ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ മാര്‍ച്ച്‌ തടയണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.

ചര്‍ച്ചയ്ക്കായി നിയോഗിച്ച നാലാംഗ വിദഗ്ദ്ധ സമിതിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി വിഭാഗം നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിച്ചേക്കും. പുതിയ കാര്‍ഷിക നിയമത്തെ പിന്തുണക്കുന്നവരായതിനാല്‍ സമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.

അതേസമയം, കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായുള്ള പത്താം വട്ട ചര്‍ച്ച നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് ഡല്‍ഹി വിഗ്യാന്‍ഭവനില്‍ നടക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.

ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അന്‍പത്തിനാലാം ദിവസത്തിലേക്ക് കടന്നു. ഇന്ന് വനിതകര്‍ഷക ദിനമായി ആചരിക്കും. കര്‍ഷകരുടെ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.