ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്തിയതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് വന്നെന്ന വ്യാജ പ്രചാരണത്തില്‍ 73 ശതമാനം ഇടിവുണ്ടായതായി പഠനത്തില്‍ കണ്ടെത്തി. ജനുവരി ഒന്നു മുതല്‍ 15 വരെയുള്ള ഓണ്‍ലൈനുകളിലെ വ്യാജ പ്രചാരണങ്ങള്‍ വിലയിരുത്തി സിഗ്‌നല്‍ ലാബ്‌സാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ട്രംപിന് ട്വിറ്റര്‍ പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വ്യാജ പ്രചാരണങ്ങള്‍ 25 ലക്ഷം മെന്‍ഷനില്‍ നിന്ന് 6,88,000 ആയി കുറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി ആറിനു നടന്ന കാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്നായിരുന്നു വിലക്ക്. ട്രംപിന്റെ പോസ്റ്റുകള്‍ വീണ്ടും കലാപമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നായിരുന്നു ട്വിറ്ററിന്റെ നടപടി. ഖ്വാനന്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി ബന്ധമുള്ള 70,000 അക്കൗണ്ടുകളും ട്വിറ്റര്‍ നീക്കംചെയ്തിരുന്നു. ഫേസ്ബുക് ജോ ബൈഡന്‍ അധികാരമേല്‍ക്കുന്നതു വരെയാണ് ട്രംപിന് വിലക്കേര്‍പ്പെടുത്തിയത്. യൂട്യൂബും ട്രംപിന്റെ ചാനലിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.