ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് രശ്മി രാജ് (33) മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. കോട്ടയം സംക്രാന്തിയിലുള്ള ‘മലപ്പുറം കുഴിമന്തി’ എന്ന ഹോട്ടലാണ് അടിച്ചു തകര്‍ത്തത്. ഇവിടേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിസിടിവി ക്യാമറകളും ബോര്‍ഡും ചെടിച്ചട്ടികളും അടിച്ചു തകര്‍ത്തു.സംക്രാന്തിയിലെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ മാസം 29ന് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് രശ്മിക്ക് ഭക്ഷ്യവിഷബാധയേറ്റത്. ആരോഗ്യനില വഷളായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന രശ്മി ഇന്നലെ രാത്രിയാണ് മരിച്ചത്. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 21 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു എന്ന പരാതിയെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടച്ച് പൂട്ടിയിരുന്നു. വയറിളക്കവും ഛര്‍ദിയും അടക്കമുള്ള അസുഖങ്ങള്‍ പിടിപെട്ടാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെയാണ് ഭക്ഷ്യസുരക്ഷ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തി നടപടിയെടുത്തത്.