മല്ലപ്പള്ളിയില്‍ മാമോദിസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ഭക്ഷണം തയ്യാറാക്കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ഓവന് ഫ്രഷ് കാറ്ററിംഗ് സെന്ററിന്റെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. ആലപ്പുഴ ജില്ലാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് നടപടി. ഭക്ഷണ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. മാമോദിസാ ചടങ്ങ് നടത്തിയ പടുതോട് സ്വദേശി റോജി അലക്സാണ്ടര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കാറ്ററിംഗ് സ്ഥാപന ഉടമക്കെതിരേയും കേസെടുത്തിട്ടുണ്ട്. ചെങ്ങന്നൂര്‍ സ്വദേശി മനുവിനെതിരെ കീഴ്വായ്പ്പൂര് പൊലീസാണ് കേസെടുത്തത്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. മല്ലപ്പള്ളിയില്‍ വ്യാഴാഴ്ച്ച സെന്റ് തോമസ് പള്ളിയിലാണ് മാമോദിസ ചടങ്ങ് നടത്തിയത്. എന്നാല്‍ അതേ ദിവസം കമ്പനി മറ്റിടങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണത്തെക്കുറിച്ച് പരാതി ഇല്ലെന്ന് കമ്പനി പ്രതികരിച്ചു.ഏകദേശം ഇരുന്നൂറിനടുത്ത് ആളുകള്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതില്‍ എഴുപതോളം പേര് അടൂര്‍, റാന്നി, കുമ്പനാട് തുടങ്ങിയ ഇടങ്ങളില്‍ ചികിത്സ തേടിയെന്നാണ് വിവരം. സസ്യേതര വിഭവങ്ങളും ചോറുമാണ് വിളമ്പിയത്. ഭക്ഷണം കഴിച്ചവരില്‍ വയറിളക്കവും ഛര്‍ദിയുമാണ് അനുഭവപ്പെട്ടത്.
മല്ലപ്പള്ളി ഭക്ഷ്യവിഷബാധ; കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി, ഉടമക്കെതിരെ കേസ്
