ന്യൂഡല്‍ഹി: ജൂണില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച്‌ യു.കെ. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്പദ്‌‌വ്യവസ്ഥകളായ യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുഎസ്‌എ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉള്‍പ്പെടുന്ന സംഘം കൊറോണ വൈറസ്്, കാലാവസ്ഥാ വ്യതിയാനം, തുറന്ന വ്യാപാരം തുടങ്ങിയ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

അതേസമയം, ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരിപാടിക്ക് ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജി 7 ഉച്ചകോടിയ്ക്ക് മുന്നോടിയായി രാജ്യം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

‘ലോകത്തിന്റെ ഫാര്‍മസി എന്ന നിലയില്‍, ഇന്ത്യ ഇതിനകം തന്നെ ലോകത്തിന്റെ 50% വാക്‌സിനുകള്‍ വിതരണം ചെയ്യുന്നു, ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ പതിവായി സംസാരിക്കാറുണ്ട്, ജി 7 ന് മുമ്ബായി പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കും. മെച്ചപ്പെട്ട ഭാവിയ്ക്കായി തുറന്ന മനോഭാവത്തോടെ ഐക്യപ്പെടുകയാണ് വേണ്ടത്’- യു.കെ അഭിപ്രായപ്പെട്ടു.