ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആദ്യദിനം കോവിഡ് വാക്‌സിന്‍ കുത്തിവെയ്‌പ്പെടുത്ത 51 പേര്‍ക്ക് ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ടതായും, ഇതില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ അറിയിക്കുകയുണ്ടായി. വാക്‌സിനെടുത്തതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട എയിംസിലെ സുരക്ഷാ ജീവനക്കാരനായ 22കാരനെയാണ് എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെ ഐസിയുവില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.