ന്യൂയോര്‍ക്ക്: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയ പല രാജ്യങ്ങളിലും വീണ്ടും സ്ഥിതി രൂക്ഷമാകുന്നു. അമേരിക്ക, ഇറ്റലി ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ യു.എസില്‍ 84,000ത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 77,299 ആയിരുന്നു ഇതുവരെയുള്ളതില്‍വച്ച്‌ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 88 ലക്ഷം പിന്നിട്ടു. രണ്ട് ലക്ഷത്തി മുപ്പതിനായിരത്തിലധികം പേരാണ് മരിച്ചത്. അടുത്തവര്‍ഷം ഫെബ്രുവരി ആകുമ്പോഴേക്ക് അമേരിക്കയില്‍ കൊവിഡ് മരണം അഞ്ച് ലക്ഷം കടന്നേക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇറ്റലി, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലും പുതിയ കൊവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. ബ്രസീലില്‍ 53 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍. മരണസംഖ്യ ഒന്നരലക്ഷം കടന്നു.5,62,705പേര്‍ക്കാണ് ഇറാനില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ അഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 37,210 പേര്‍ മരിച്ചു.സ്‌പെയിന്‍, ഫ്രാന്‍സ്, അര്‍ജന്റീന, റഷ്യ എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമാണ്.