തിരുവനന്തപുരം: കെഎസ് ആര്‍ടിസി എംഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാരിന്റെ രാഷ്ട്രീയ പരാജയം മറച്ചുപിടിക്കാനാണ് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ എംഡിയെക്കൊണ്ട് പരസ്യപ്രതികരണം നടത്തിയതെന്ന് ബിഎംഎസ് ആരോപിക്കുന്നു. 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതില്‍ നടപടി സ്വീകരിക്കേണ്ടത് മാനേജ്മെന്‍്റാണെന്നും ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെഎസ്‌ആര്‍ടിയിയുടെ കടഭാരം ഏറ്റെടുക്കുമെന്നും മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും സ്ഥിരപ്പെടുത്തുമെന്നും പറഞ്ഞ് അധികാരത്തില്‍ എത്തിയ ഇടത് സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവെക്കാനാണ് എംഡിയെക്കൊണ്ട് തൊഴിലാളി വിരുദ്ധനിലപാട് സ്വീകരിപ്പിച്ചതെന്നും ബിഎംഎസ് ആരോപിക്കുന്നു.

ഒരു തൊഴിലാളി സംഘടനയും ഡീസല്‍ ബസുകള്‍ സിഎന്‍ജി, എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനെ നാളിതുവരെ എതിര്‍ത്തിട്ടില്ല. ഒരു സിഎന്‍ജി ബസ് പോലും ഇല്ലാത്തപ്പോള്‍ കോടികള്‍ വിലയുള്ള തിരുവനന്തപുരം ആനയറയിലെ ഭൂമി ഐഒസിയ്ക്ക് കൈമാറിയതിനേയാണ് എതിര്‍ത്തതെന്നും ബിഎംഎസ് വ്യക്തമാക്കി. 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതില്‍ നടപടി സ്വീകരിക്കേണ്ടത് മാനേജ്മെന്‍്റാണെന്നും നടപടി സ്വീകരിക്കാതെ മാനേജ്മെന്റ് ആരെയാണ് സംരക്ഷിക്കുനനതെന്നും ബിഎംഎസ് ചോദിച്ചു.

കെഎസ്‌ആര്‍ടിസിയില്‍ കെ സ്വീഫ്റ്റ് വരുന്നതിലൂടെ സ്വകാര്യവത്കരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് ഐഎന്‍ടിയുസിയും വിമര്‍ശിച്ചു.