കോവിഡ് വൈറസ് മഹാമാരിക്കെതിരായി രാജ്യത്ത് തുടക്കം കുറിച്ച പ്രതിരോധമരുന്നു കുത്തിവെപ്പ് യജ്ഞത്തില്‍ ആദ്യദിനം പങ്കാളികളായത് 1.91 ലക്ഷം പേര്‍.

രാജ്യവ്യാപകമായി ആദ്യ ദിനം മൂന്ന് ലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നതെങ്കിലും 1.91 ലക്ഷം പേര്‍ക്കാണ് കുത്തിവെപ്പെടുക്കാനായത്.

വാക്‌സിനെടുക്കുന്നതില്‍ ആളുകള്‍ക്കുള്ള കാര്യമായ മടിയാണ് എണ്ണം കുറഞ്ഞതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേ സമയം വാക്‌സിനേഷന്‍ ആദ്യദിനം വിജയകരമായിരുന്നു.

കേരളത്തില്‍ കോവിഡി വാക്‌സിന്‍ കുത്തിവയ്പ്പിന്റെ ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 857 പേരാണ് ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്.

ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍കോട് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും കെ കെ ശൈലജ വ്യക്തമാക്കി.

രണ്ടാംഘട്ടത്തിനുള്ള രജിസ്‌ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നുന്നതായും മന്ത്രി പറഞ്ഞു.