വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ പുതിയ യു കെ വകഭേദം മാര്‍ച്ച്‌ മാസത്തോടെ യുഎസില്‍ പടര്‍ന്നുപിടിക്കുമെന്ന് മുന്നറിയിപ്പ്. ഇതിനോടകം 30 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ പ്രതിരോധ നടപടികള്‍ ആവശ്യമാണെന്നും യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സിഡിഎസ്) മുന്നറിയിപ്പ് നല്‍കുന്നു.

70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ ഭീഷണി ഉയര്‍ത്തും. പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ജനങ്ങള്‍ക്ക് സഞ്ചിത പ്രതിരോധം ആര്‍ജിക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും സിഡിഎസ് നിര്‍ദ്ദേശം നല്‍കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയിലെ പത്ത് സംസ്ഥാനങ്ങളിലായി നിലവില്‍ 76 പേര്‍ക്കാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

2021 തുടക്കത്തില്‍ തന്നെ രാജ്യത്തുടനീളം കോവിഡ് കേസുകളില്‍ പെട്ടെന്നുള്ള വര്‍ധനവ് പ്രതീക്ഷിക്കാമെന്നും സിഡിഎസ് മുന്നറിയിപ്പ് നല്‍കുന്നു.